ജാക്വിലിൻ ഫെർണാണ്ടസ് | ഫോട്ടോ: എ.എഫ്.പി
ന്യൂഡെൽഹി: 200 കോടിയുടെ തട്ടിപ്പുകേസിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിൻ പറഞ്ഞു.
സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്. തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യൻ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സൺ ടിവിയുടെ ഉടമയെന്ന നിലയിൽ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങൾ ചെയ്യാനുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിൻ കോടതിയെ അറിയിച്ചു.
"സുകേഷ് എന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാളെന്റെ ജീവിതവും തൊഴിലും തകർത്തു. അയാളുടെ യഥാർത്ഥമുഖമെന്താണെന്ന് പിങ്കിക്ക് അറിയാമായിരുന്നു. പക്ഷേ അവരത് എന്നോട് പറഞ്ഞില്ല. ആഭ്യന്തര, നിയമ മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരെന്ന വ്യാജേന ആൾമാറാട്ടം നടത്തിയതിന് സുകേഷിനെ അറസ്റ്റ് ചെയ്തതായി പിന്നീടാണ് അറിഞ്ഞത്. ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിന് ശേഷമാണ് ഇയാളുടെ യഥാർത്ഥ പേര് പോലും മനസിലാക്കാൻ കഴിഞ്ഞത്." നടി പറഞ്ഞു.
സുകേഷ് ചന്ദ്രശേഖറിനെതിരായ കേസിൽ സാക്ഷിയായ നടി നോറ ഫത്തേഹിയും ഈ ആഴ്ച ഡൽഹി കോടതിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. കാമുകിയാകാൻ സമ്മതിച്ചാൽ വലിയ വീടും ആഡംബര ജീവിതവും സുകേഷ് വാഗ്ദാനം ചെയ്തതായാണ് നോറയുടെ മൊഴി. കേസിൽ ഇഡി സമൻസ് അയച്ചതിന് ശേഷമാണ് സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതെന്നും നടി കോടതിയിൽ അറിയിച്ചു.
ഒന്നിലേറെ കേസുകളിലാണ് സുകേഷ് ചന്ദ്രശേഖർ പ്രതിയായിട്ടുള്ളത്. മുമ്പും പല കേസുകളിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. ഡൽഹിയിലെ വ്യവസായിയുടെ ഭാര്യയിൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ ജാക്വലിൻ ഫെർണാണ്ടസും പ്രതിപ്പട്ടികയിലുണ്ട്. തുടർന്ന് താരത്തിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.
Content Highlights: Jacqueline Fernandez, Sukesh Chandrasekhar Case, Nora Fatehi, Cheating Case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..