കൊച്ചി:  പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കായി കൈകോര്‍ക്കാന്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ പ്രവർത്തനം. ഓണ്‍ലൈനില്‍ തന്നെ പിന്തുണയ്ക്കുന്നവരോടും അഞ്ചു കോടിയോളം വരുന്ന ആരാധകരോടുമാണ് ജാക്വിലിന്‍ സഹായാഭ്യര്‍ത്ഥന നടത്തിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ദുരന്തം വിതച്ച പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ടവരും ഒറ്റപ്പെട്ടുപോയവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യ ബ്രാന്റ്  അംബാസഡര്‍കൂടിയായ നടി ജാക്വിലിന്‍ സഹായാഭ്യര്‍ത്ഥനയുമായി രംഗത്തിറങ്ങിയത്. തമിഴ്നാട്ടില്‍ 2015ൽ പ്രളയം ഉണ്ടായപ്പോഴും കേരളത്തില്‍ കഴിഞ്ഞ വര്‍ഷവും വെള്ളപ്പൊക്കം ഉണ്ടായപ്പോഴും വീടു നഷ്ടപ്പെട്ടവര്‍ക്കായി ഭവനങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുമായി ജാക്വിലിന്‍ ഫലപ്രദമായി ഇടപെട്ടിരുന്നു.
 
'2019ലെ മഴക്കാലം രാജ്യത്തെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ദുരന്തം വിതയ്ക്കുകയുണ്ടായി. കേരളത്തിലും കര്‍ണാടകയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും വന്‍ തോതില്‍ നാശം വിതച്ച പ്രളയം 17 ജില്ലകള്‍ പൂര്‍ണമായി മുക്കിക്കളഞ്ഞു. മൂന്നു സംസ്ഥനങ്ങളിലായി നാലു ലക്ഷത്തോളം കുടംബങ്ങള്‍ക്കു വീടു നഷ്ടപ്പെട്ടു. 244 പേര്‍ക്ക് ജീവഹാനിയുണ്ടായി. ഇന്ത്യയിലുടനീളം ഇക്കുറി ഉണ്ടായത് വലിയ വെള്ളപ്പൊക്കമാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിന്റെ എല്ലാ സഹായവും ദുരിത ബാധതര്‍ക്കാവശ്യമാണ്. തിരക്കിട്ട ജോലികള്‍ക്കിടയിലും ഇതിനായി സമയം കണ്ടെത്തിയ ജാക്വലിന്‍ ഫെര്‍ണാണ്ടസിനോട് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്. ഹാബിറ്റാറ്റ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പിന്തുണയാണവര്‍ നല്‍കുന്നത്.' ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ സാമുവല്‍ പറഞ്ഞു.

Content Highlights: Jacqueline Fernandez seeks help for 2019 flood victims in India