''ഇട്ടിമാണി വെറുമൊരു കോമഡി ചിത്രമല്ല, അമ്മയും മക്കളും തമ്മിലുള്ള വൈകാരിക ബന്ധത്തില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത് ''- ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയെന്ന ഓണച്ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍ പറഞ്ഞു. ചൈനയില്‍ കുറച്ചുദിവസങ്ങള്‍ മാത്രമെ ചിത്രീകരണം ഉണ്ടായിരുന്നുള്ളൂ, ചെറിയൊരു ടീം മാത്രമാണ് അതിനായി അവിടേക്ക് പോയത്. സിനിമയില്‍ ഇട്ടിമാണിയുടെ കുട്ടിക്കാലം നടക്കുന്നത് ചൈനയിലാണ്. ഇട്ടിമാണിയുടെ അച്ഛന്‍ ഇട്ടിച്ചനും, ഇട്ടിച്ചന്റെ അച്ഛനും ചൈനയിലാണ് കഴിഞ്ഞത്.ഇട്ടിമാണിക്ക് പത്തുവയസ്സായപ്പോഴേക്കും അവര്‍ നാട്ടിലേക്ക് തിരിച്ചുപോന്നു.

ഇട്ടിമാണിയുടെ ചൈനയിലെ കുട്ടിക്കാലം കാണിക്കേണ്ടിയിരുന്നതിനാല്‍ പഴയ ചൈനയായിരുന്നു ആവശ്യം അതുകൊണ്ട് തന്നെ സ്റ്റുഡിയോകളിലായിരുന്നു ചിത്രീകരണം. സിനിമയെ സ്നേഹിക്കുന്ന നമ്മളുമായി സഹകരിക്കാന്‍ താല്‍പ്പര്യം കാണിക്കുന്ന വലിയൊരു ടീം തന്നെ ചൈനയിലുണ്ട്- മോഹന്‍ലാല്‍ വിശദീകരിച്ചു.

ചെനീസ് ഭക്ഷണവും ചൈനീസ് ഭാഷയും സ്നേഹിക്കുന്നവനാണ്  ഇട്ടിമാണി. ചൈനീസ് ഭാഷയും തൃശ്ശൂര്‍ മലയാളവും മാര്‍ഗ്ഗംകളിയുമെല്ലാം സിനിമയില്‍ പ്രേക്ഷകനെ രസിപ്പിക്കുന്ന ചേരുവകളാകുന്നുണ്ട്.

ആമയെ വെള്ളത്തില്‍ മുക്കികൊല്ലുന്നവനാണ് ഇട്ടിമാണിയെന്നാണ് നാട്ടുകാരുടെ പക്ഷം. കാശിനുവേണ്ടിയുള്ള അയാളുടെ തരികിടകളും അതിനിടെ നടക്കുന്ന തമാശകളുമെല്ലാം കഥക്കൊപ്പം കടന്നുവരുന്നു. സിദ്ധിഖ്, സലിംകുമാര്‍, അജുവര്‍ഗ്ഗീസ്, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ എന്നിവരുമായുള്ള മോഹന്‍ലാലിന്റെ കോമ്പിനേഷന്‍ സീനുകളെല്ലാം ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്നുണ്ട്.

Content Highlights : Ittymaani Made In China Shooting Video From china