Ittichiri
അച്ഛന്റെയോ അമ്മയുടെയോ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചിട്ടുണ്ടോ? അമ്മൂമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താന്നറിയാമോ? അവർ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ഏതാണെന്നറിയാമോ?
അടുത്തിടെ യൂട്യൂബിൽ റിലീസ് ചെയ്ത 'ഇട്ടിച്ചിരി'യെന്ന ഡയറി ഫിലിം ഇതൊക്കെ നിങ്ങളെ ഓർമ്മിപ്പിക്കും. ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും സ്നേഹത്തിന്റെയും മിഠായിപ്പൊതി തുറന്ന അനുഭവമാണ് നാരായണൻ കൊച്ചു, തിരക്കഥയും സംവിധാനവും ക്യാമറയും നിർവ്വഹിച്ച ഇട്ടിച്ചിരി. അതുൽ രാജിന്റെ കഥയിൽ ഒരുങ്ങിയ ചിത്രത്തിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
92 കാരി ഇട്ടിച്ചിരിയുടെ ജീവിതത്തിലേക്ക് കൊച്ചുമകൻ നാരായണൻ ക്യാമറ ചലിപ്പിച്ചപ്പോൾ അത് കാഴ്ചക്കാർക്കും സ്വന്തം ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ദൃശ്യാനുഭവമാകും. ഒരുനിമിഷം ആരുമൊന്ന് പ്രിയപ്പെട്ടവരെക്കുറിച്ചോർക്കും. അവരുടെ ആരുമറിയാത്ത ആഗ്രഹങ്ങളെക്കുറിച്ചും.
പതിവ് ഷോട്ട് ഫിലിമുകളുടെ ട്രീറ്റ്മെന്റ് രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ഇട്ടിച്ചിരിയുടേത്. യൗവ്വനവും നിറവും കാലം കവർന്ന് കാഴ്ചയിൽ തീർത്തും അനാകർഷകമായ ഒരു 92കാരിയുടെ ജീവിതത്തിന്റെ ഉള്ളറകളിലേക്ക് കയറിച്ചെല്ലുന്നുണ്ട് ഇട്ടിച്ചിരി. അതിന്റെ നൈർമ്മല്യത്തെയും ആഴത്തെയും മനോഹമായ ഫ്രെയിമുകളിലൂടെ വരച്ചിടാനും ഇട്ടിച്ചിരിക്ക് സാധിക്കുന്നു. പശ്ചാത്തല സംഗീതത്തിലും ക്യാമറയിലും പുലർത്തിയ അതിസൂക്ഷ്മതയും കൈയടക്കവും ഇട്ടിച്ചിരി എന്ന ഡയറി ഫിലിമിനെ അതീവ ഹൃദ്യമാക്കുന്നു. ധനേഷ് ജയശ്രീ സുകുമാരനാണ് സൗണ്ട് ഡിസൈൻ.
പ്രേക്ഷകർക്ക് അവരുടെ ജീവിതവുമായി എളുപ്പത്തിൽ ചേർത്തുനിർത്താൻ കഴിയുന്ന മനോഹരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് നാരായണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഉമാദേവി, ശുഭ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിൻസ് ഫിലിപ്പാണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്.
Content Highlights: Ittichiri Short Film Directed by Narayanan Kochu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..