ലയാളികളുടെ അഭിമാനമായിരുന്നു പാതിവഴിയില്‍ വേഷങ്ങളെല്ലാം അഴിച്ചുവച്ചു മടങ്ങിയ കല്‍പ്പന. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെ നാട്ടിന്‍പുറത്തുകാരിയായും വേലക്കാരിയായും മോഷ്ടാവും പോലീസായും അവര്‍ പതിറ്റാണ്ടുകളോളം സിനിമയില്‍ നിറഞ്ഞാടി. 2016 ജനുവരി 25 ന് ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കല്‍പന ലോകത്തോട് വിടപറഞ്ഞ വാര്‍ത്തയെ സ്വീകരിച്ചത്. 

കല്‍പ്പനയെ ഇനി നേരില്‍ കാണാനാവില്ലെങ്കിലും കല്‍പ്പന കേന്ദ്രകഥാപാത്രമായെത്തുന്ന 'ഇഡ്‌ലി' എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ ഈ നടിയുടെ അഭിനയ പാടവം ഒരിക്കല്‍ കൂടി തിയേറ്ററില്‍ കാണാനുള്ള അസുലഭാവസരം ഒരുങ്ങുകയാണ്. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. 

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. നേരത്തെ മലയാളത്തില്‍ ഇതിന് മുന്‍പും കല്‍പ്പന ഒരു മോഷ്ടാവിന്റെ വേഷം ചെയ്തിട്ടുണ്ട്. ജഗതിക്കൊപ്പം ആലിബാബയും ആറര കള്ളന്മാരും എന്ന ചിത്രത്തില്‍. ജഗതിയുടെ ഭാര്യയായ തങ്കുവായി തകര്‍ത്തഭിനയിച്ചിരുന്നു കല്‍പ്പന ഇതില്‍.

സിനിമ തിയേറ്ററിലെത്തുമ്പോള്‍ കല്‍പ്പനയുടെ വിയോഗമാണ് തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

കല്‍പ്പന ഒരു കുസൃതിയായിരുന്നു. സെറ്റില്‍ ഞങ്ങള്‍ ഏറെ ആസ്വദിച്ചത് അവളുടെ സാന്നിധ്യമായിരുന്നു. ഇന്ന് ഈ സിനിമ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കല്‍പ്പനയില്ല- ശരണ്യ പൊന്‍വര്‍ണന്‍ പറഞ്ഞു.

മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്. ചെറിയതായിരുന്നെങ്കിലും ക്വീന്‍ മേരിയെന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടി നേടി. കണ്ണീരണിയിക്കുകയും ചെയ്തു. ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങിന് പോയതായിരുന്നു. 

മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ച കല്‍പ്പന 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. നാടകപ്രവര്‍ത്തകരായ വി.പി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ്. നടിമാരായ കലാരഞ്ജിനിയും ഉര്‍വശിയും സഹോദരിമാരാണ്.