ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഇഷ്‌ക് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്ത് ചിത്രത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ നെഗറ്റീവ് കമന്റ് നല്‍കിയ ആളോട് സംവിധായകന്റെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കേരളത്തിലെ സദാചാര പോലീസിങ്ങിനെക്കുറിച്ചുള്ള കഥയാണ് ഇഷ്‌ക്. ഒരാണും പെണ്ണും ഒന്നിച്ചിരിക്കുന്നിടത്ത് സദാചാര ലംഘനം കാണുന്ന പകല്‍ മാന്യന്മാരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. എന്നാല്‍ ഇതിനെതിരെയായിരുന്നു ഒരു യുവാവിന്റെ കമന്റ്. 

'ചിത്രം പല സിനിമകളുടെ കോപ്പിയാണെന്നും മലയാളത്തിലായത് കൊണ്ടാണ് സ്വീകരിക്കപ്പടുന്നതെന്നും പാതിരാത്രി തെണ്ടി തിരിഞ്ഞു നടക്കുന്ന സകല അവളുമാരും എവിടേലും കുഴിയില്‍ ചെന്ന് വീഴും എന്നിട്ട് ഫെമിനിസം മറ്റേത് എന്ന് പറഞ്ഞ് ഇറങ്ങും എന്നായിരുന്നു യുവാവിന്റെ കമന്റ്'... ഇയാളുടെ ഈ കമന്റ് പങ്കുവച്ചു കൊണ്ട് അനുരാജ് കുറിച്ചത് ഇങ്ങനെയാണ് 

"ഒരവാര്‍ഡ് കിട്ടിയിട്ടുണ്ട്..കൊള്ളേണ്ടിടത്ത് കൊള്ളുന്നുണ്ട്.."

ishq

നിരവധി പേരാണ് സംവിധായകന്റെ അഭിപ്രായത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുള്ളത്. കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇയാളുടെ കമന്റെന്നും ഇത്തരം മനോഭാവം ഉള്ളവരെ തന്നെയാണ് ചിത്രം ഉന്നം വച്ചതെന്നും ഇവര്‍ പറയുന്നു 

ഒരു പ്രണയകഥയല്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഇഷ്‌ക് മലയാളിയുടെ കപട സദാചാരബോധത്തിനെതിരെയുള്ള പ്രതികരണം കൂടിയാണ് . ഷെയ്നിനെയും ആന്‍ ശീതളിനെയും കൂടാതെ മാല പാര്‍വതി, സ്വാസിക, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Content Highlights : Ishq Malayalam Movie Comments Anuraj Manohar Shane Nigam Ann Seethal