ലയാളത്തിലെ യുവതാരം പൃഥ്വിരാജിനൊപ്പം ആദ്യമായി ഒരു സിനിമ ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് യുവനടി ഇഷ തല്‍വാര്‍. നിര്‍മല്‍ സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ രണത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്നത് ഇഷയാണ്.

രണത്തിന്റെ പ്രധാന ഭാഗങ്ങള്‍ അമേരിക്കയിലാണ് ചിത്രീകരിച്ചത്. യു.എസിലെ ഷെഡ്യൂളില്‍ പൃഥ്വി സഹതാരങ്ങള്‍ക്കായി ഒരു വലിയ സമ്മാനം ഒരുക്കിവച്ചെന്ന് ഇഷ പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ മനസ്സ് തുറന്നത്.

'നീണ്ട ഷെഡ്യൂളായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഞങ്ങളില്‍ പലര്‍ക്കും തെന്നിന്ത്യന്‍ ഭക്ഷണം കഴിക്കണമെന്ന് അതിയായ മോഹം തോന്നി.  ഇതറിഞ്ഞ പൃഥ്വി ഞങ്ങളറിയാതെ അതിനുള്ള നിര്‍ദ്ദേശം ക്രൂവിന് നല്‍കി. ഞങ്ങളെയെല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണമാണ് അന്ന് വിളമ്പിയത്. ആളുകളുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സ്വഭാവമാണ് പൃഥ്വിയുടേത്. ഞാന്‍ പൃഥ്വിയോട് മനസ്സ് നിറഞ്ഞ നന്ദി രേഖപ്പെടുത്തി. 

അമേരിക്കയിലെത്തിയ ഞാന്‍ നേരെ രണത്തിന്റെ സെറ്റിലേക്കാണ് പോയത്. തൊട്ടടുത്ത നിമിഷം തന്നെ പൃഥ്വിയുമായി ഫ്രെയിം പങ്കിടാന്‍ പോവുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ ആകെ ത്രില്‍ഡ് ആയി. കുറേക്കാലത്തിന് ശേഷം ഞാന്‍ കണ്ട നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യനാണ് പൃഥ്വിരാജ്. സിനിമയോട് കടുത്ത പാഷനാണ് അദ്ദേഹത്തിന്.

രണത്തിലെ അമ്മ വേഷം ഞാന്‍ നന്നായി ആസ്വദിച്ചു. ചിത്രീകരണത്തിനിടെയുള്ള ഒഴിവ് സമയത്ത് സ്പാനിഷ് ഫെസ്റ്റിവലില്‍ പങ്കെടുത്തു. എല്ലാം നല്ല ഓര്‍മകളാണ്'- ഇഷ തല്‍വാര്‍ പറഞ്ഞു.