vikram
വിക്രം വാർത്താസമ്മേളനത്തിൽ.
ഫോട്ടോ: ടി.കെ.പ്രദീപ് കുമാർ

കൊച്ചി: വീണ്ടും ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അതതൊരു ക്ലാസിക്ക് സിനിമയിലായിരിക്കുമെന്ന് നടന്‍ വിക്രം. തന്റെ പുതിയ ചിത്രം ഇരു മുഖന്റെ റിലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നുമല്ലാതിരുന്ന കാലത്ത് മലയാളമാണ് എനിക്ക് സിനിമയില്‍ അവസരം തന്നത്. അതുകൊണ്ട് തന്നെ ഇവിടെ നിന്ന് വീണ്ടുമൊരു ക്ഷണം ലഭിച്ചാല്‍ അത് നിരസിക്കില്ല. ചെമ്മീനും മറ്റും പോലെ കാലാതിവര്‍ത്തിയായ ഒരു ക്ലാസിക് സിനിമയില്‍ അഭിനയിക്കാനാണ് മോഹം. മലയാള സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പ്രതിഭകള്‍ വരുന്നുണ്ട്. പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ സിനിമകളെല്ലാം നന്നായി ഇഷ്ടപ്പെട്ടു. ഇവിടെ കഥയാണ് സിനിമയുടെ യഥാര്‍ഥ മുടക്കുമുതല്‍-വിക്രം പറഞ്ഞു.

പുതിയ ചിത്രമായ ഇരു മുഖനില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള രണ്ട് വേഷങ്ങളാണ് താന്‍ ചെയ്തതെന്നും വിക്രം പറഞ്ഞു. രണ്ടും തീര്‍ത്തും വ്യത്യസ്തമാര്‍ന്ന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ തന്നെ. ഏറെ ആവേശം പകരുന്ന കഥാപാത്രങ്ങളാണ് ഇതിലെ നായകന്‍ അഖിലും വില്ലന്‍ ലൗവും. കഥയും കഥാപാത്രങ്ങളും തന്നെയാണ് ഈ ചിത്രത്തിലെ നായകര്‍. ഈ സിനിമ യാഥാര്‍ഥ്യമാവാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതും കഥയുടെ മികവുകൊണ്ടാണ്. നല്ല നെഗറ്റീവ് വേഷങ്ങള്‍ ലഭിച്ചാല്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്നവരാണ് നല്ല നടന്മാരെല്ലാവരും. ഷാരൂഖ്ഖാനെപ്പോലെ പലരും അത് തെളിയിച്ചിട്ടുണ്ട്-വിക്രം പറഞ്ഞു.

ഇരു മുഖന്‍ ഭിന്നലിംഗക്കാര്‍ ഉള്‍പ്പടെയുള്ള ഒരു വിഭാഗത്തെയും ഇകഴ്ത്തിക്കാണിക്കുന്നില്ല. ട്രെയിലര്‍ കണ്ട് പറയുംപോലെ ഇതിലെ കഥാപാത്രം ഒരു ഭിന്നലിംഗക്കാരനോ സ്വവര്‍ഗാനുരാഗിയോ അല്ല-വിക്രം പറഞ്ഞു.

നിര്‍മാതാവ് ഷിബു തെമീന്‍സും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. സപ്തംബര്‍ എട്ടിനാണ് ചിത്രം തിയ്യറ്ററിലെത്തുന്നത്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും നിത്യാമേനോനുമാണ് നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീത സംവിധാനം.