Iru Movie
വില്യം ഷേക്സ്പിയര് രചിച്ച വിശ്വ പ്രസിദ്ധമായ ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി ഫാ. വര്‍ഗീസ് ലാല്‍ സംവിധാനം ചെയ്യുന്ന 'ഋ' എന്ന ചിത്രത്തിന് യു സർട്ടിഫിക്കറ്റ്.
നടനും ദേശീയ പുരസ്കാര ജേതാവും കൂടിയായ സിദ്ധാര്‍ഥ് ശിവയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. ഒരു വൈദികന് സിനിമ സംവിധാനം ചെയ്യുന്ന ആദ്യ മലയാളസിനിമയായിരിക്കും 'ഋ'. ഡോ ജോസ് കെ മാനുവല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിശാല്‍ ജോണ്‍സണിന്റെ വരികള്‍ക്ക് സംഗീതം സൂരജ് എസ് കുറുപ്പ്. ഷേക്സ്പിയര് ആര്‍ട്സിന്റെ ബാനറില്‍ ഡോ. ഗീരീഷ്കുമാര്‍ ആണ് സിനിമയുടെ നിര്‍മ്മാണം.
മഹാത്മാഗാന്ധി സര്‍വകലാശാലയിലാണ് ചിത്രീകരണം. പൂര്‍ണമായും ക്യാംപസ് പശ്ചാത്തലത്തിലാണ് പ്രണയവും വര്‍ണരാഷ്ട്രീയവും പ്രമേയമാകുന്ന കഥ പറഞ്ഞു പോകുന്നത്. രഞ്ജി പണിക്കര്‍, രാജീവ് രാജന്, നയന എല്‍സ, ഡെയിന്‍ ഡേവിസ്, മണികണ്ഠന് പട്ടാമ്പി, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
സംവിധായകൻ ഫാ. വർഗീസ് ലാലിന്റെ വാക്കുകൾ:
വളരെ ആശങ്കയോടെ ആണ് തിരുവനന്തപുരം ലെനിൻ തിയറ്ററിനു മുന്നിലെ ചാരുബെഞ്ചിൽ ഞങ്ങൾ കാത്തിരുന്നത്. അകത്ത് ഞങ്ങളുടെ സിനിമയായ ഋ സെൻസർ സർട്ടിഫിക്കറ്റിനായി ആദ്യ പ്രദർശനം നടത്തുകയാണ്. അടുത്തിടെ നടന്ന സെൻസർ വിവാദങ്ങളും സിനിമയുടെ സ്റ്റേയും ഞങ്ങളുടെ അങ്കലാപ്പിന്റെ ആക്കംകൂട്ടി.
സെൻസർ ക്രമീകരണങ്ങൾ ചെയ്ത് തന്ന ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമ തീർന്നാൽ 10 നിമിഷത്തിനകം നിങ്ങളെ അകത്തേക്ക് വിളിക്കും. സിനിമ തീർന്നു. പത്തിരുപത് ആയി അരമണിക്കൂറായി ഞങ്ങളെ ആരും വിളിക്കുന്നില്ല. അകത്ത് കാര്യമായി എന്തോ ചർച്ച നടക്കുന്നു. ശ്യാം ഞങ്ങളോട് പറഞ്ഞു സിനിമയ്ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്. എന്തെങ്കിലും മാറ്റങ്ങൾ വേണ്ടിവരും ഇത്രയധികം സമയം ചർച്ചയ്ക്ക് എടുക്കാറില്ല . ഞങ്ങൾക്ക് ആകെ ആശങ്കയായി .ഉടനെ അകത്തേക്കുള്ള വിളിയും വന്നു. സെൻസർ ബോർഡിൻറെ ചുമതലയുള്ള ഉള്ള ഉദ്യോഗസ്ഥ ഞങ്ങളോട് പറഞ്ഞു നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന സർട്ടിഫിക്കറ്റ് യു ആണ്.
ആകെ ആശ്വാസം... വളരെ നല്ല സിനിമ എന്ന് എല്ലാവരുടെയും വക ഒരു കോംപ്ളിമെന്റും. ആകെ ചെയ്യേണ്ടത് ഒരു കാര്യം മാത്രം തുടക്കത്തിൽ ഒരു ഡിസ്ക്ലൈമർ നോട്ട് പ്രദർശിപ്പിക്കണം. മറ്റ് തിരുത്തലുകൾ ഒന്നുമില്ല. ആഹ്ലാദത്തിൽ ആശങ്ക വഴി മാറി. പ്രകൃതി വിരുദ്ധതയും ഇല്ല, കേട്ടാലറയ്ക്കുന്ന തെറിയും ഇല്ല. ഇതിൽ സാമൂഹികപ്രസക്തിയുള്ള ആനുകാലിക വിഷയങ്ങൾ മാത്രം. ധൈര്യസമേതം എല്ലാവർക്കും ഒരുപോലെ കാണാം. ഉടൻ തന്നെ ‘ ഋ’ നിങ്ങളുടെ അടുത്ത തിയറ്ററുകളിൽ കാണാം.
Content Highlights : iru movie based on shakesperian play othello Dr Vargheese Sidharth Shiva
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..