ടി ശ്രീദേവിയുടെയും നടൻ ഇർഫാൻ ഖാന്റെയും മരണത്തെ തമാശയായി അവതരിപ്പിച്ച പാകിസ്താൻ ടെലിവിഷൻ അവതാരകൻ ആമിർ ലിയാക്കാത്ത് ഹുസെെനെതിരേ രൂക്ഷ വിമർശനം. ആമിറിന്റെ ഷോയിലെ പുതിയ എപ്പിസോഡിലായിരുന്നു സംഭവം. പാകിസ്താൻ നടൻ അദ്നാൻ സിദ്ദിഖിയായിരുന്നു ഷോയിലെ അതിഥി. ശ്രീദേവിയ്ക്കും ഇർഫാൻ ഖാനുമൊപ്പം അദ്നാൻ സിദ്ദിഖി ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഇവരുടെ ഓർമകൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു ആമിറിന്റെ അസ്ഥാനത്തുള്ള തമാശ.

അദ്നാൻ നിങ്ങൾ റാണി മുഖർജിയുടെയും ബിപാഷ ബസുവിന്റെയും ജീവൻ രക്ഷിച്ചു എന്ന് പറഞ്ഞാണ് ആമിർ തുടക്കമിട്ടത്. ഏങ്ങനെ എന്ന് ആമിർ ചോദിച്ചപ്പോൾ, നിങ്ങൾ അവരുടെ കൂടെ അഭിനയിച്ചില്ല. നിങ്ങൾ ശ്രീദേവിയുടെ കൂടെ അഭിനയിച്ചതിന് ശേഷം അവർ‍ മരിച്ചു. ഇപ്പോൾ ഇർഫാനും. മർദാനി 2, ജിസം 2 എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ താങ്കൾ നിരസിച്ചു. അതുകൊണ്ട് ബിപാഷയും റാണിയും ജീവിച്ചിരിക്കുന്നു- ആമിർ പറഞ്ഞു.

ആമിറിന്റെ വാക്കുകൾ കേട്ട് അദ്നാൻ അസ്വസ്ഥനായി. ഷോയ്ക്ക് ശേഷം ആമിറിനെ രൂക്ഷമായി വിമർശിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ രം​ഗത്ത് വരികയും.

'മരിച്ചവരെക്കുറിച്ച് ഇത്തരം തമാശകൾ പറയുന്നത് മനുഷ്യത്വമല്ല. അത് അവരുടെ ആരാധകരെയും കുടുംബാം​ഗങ്ങളെയും ഒരുപോലെ വേദനിപ്പിക്കും. ഇത്തരം തമാശകളെ ഞാൻ പ്രോത്സാഹിപ്പിക്കുകയില്ല. ഇത് നമ്മുടെ രാജ്യത്തെ വരെ മോശമായി ചിത്രീകരിക്കാൻ കാരണമായി തീരും, എല്ലാവരോടും മാപ്പ് ചോദിക്കുന്നു'- അദ്നാൻ കുറിച്ചു.

വിമർശനം രൂക്ഷമായതോടെ ആമിർ മാപ്പ് പറഞ്ഞു. 'ചില സമയങ്ങളിൽ വാക്കുകൾ കെെവിട്ടുപോകും. അതാണ് അവിടെയുണ്ടായത്. എന്റെ വാക്കുകൾ അനവസരത്തിലായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഞാൻ തെറ്റു ചെയ്തുപോയി. എല്ലാവരോടും മാപ്പ്'-ആമിർ കുറിച്ചു.

Content Highlights: Irrfan khan Sreedevi death, Pakistan Journalist TV host Aamir Liaquat Hussain insensitive joke, Pak actor adnan hussain