ന്ത്യന്‍ ക്രിക്കറ്റിലെ മികച്ച താരമായിരുന്ന ഇര്‍ഫാന്‍ പത്താന്‍ തന്റെ രണ്ടാം ഇന്നിങ്സ് തുടങ്ങുകയാണ്. ബിഗ് സ്‌ക്രീനില്‍ താരമാകാനാണ് ഇത്തവണ ഈ ഗുജറാത്തുകാരന്‍ ഒരുങ്ങുന്നത്. ആദ്യമായി അഭിനയിക്കുന്നത് ഒരു തമിഴ് സിനിമയാണെങ്കിലും ഇര്‍ഫാന്റെ ഈ ഇന്നിങ്സ് എങ്ങനെയുണ്ടെന്ന് ആകാംക്ഷയോടെ കാത്തിരിക്കയാണ് ബോളിവുഡ്. തമിഴില്‍ വിജയിച്ചാല്‍ ബോളിവുഡില്‍ നിരവധി സംവിധായകരാണ് ഇര്‍ഫാനെ കാത്തിരിക്കുന്നത്. 

'ഇമൈക്ക നൊടികള്‍', 'ഡിമോണ്ടി കോളനി' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനംചെയ്ത അജയ് ജ്ഞാനമുത്തുവിന്റെ സിനിമയിലാണ് ഇര്‍ഫാന്‍ തുടക്കംകുറിക്കുന്നത്. വിക്രം നായകനായുള്ള സിനിമയുടെ താത്കാലിക പേര് 'വിക്രം 58'. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച ഇര്‍ഫാന്‍ സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ തന്റെ ഭാഗങ്ങള്‍ അഭിനയിച്ചു തീര്‍ത്തുവെന്ന് വ്യക്തമാക്കി. 

ആക്ഷന്‍ ചിത്രത്തില്‍ പഴയ ക്രിക്കറ്റ് താരത്തിന് വലിയ പ്രാധാന്യമുള്ള കഥാപാത്രമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വിക്രം 25 വ്യത്യസ്ത റോളുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ഇപ്പോള്‍തന്നെ കോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്. വിക്രമിന്റെ വേഷങ്ങള്‍  രൂപകല്പനചെയ്യുന്നത് അമേരിക്കന്‍ കമ്പനിയാണ്. ഒരാള്‍ ഒരു ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വേഷത്തില്‍ എന്ന ലോക റെക്കോഡും വിക്രമിന്റെ പേരിലായി ഇതോടെ മാറും. പ്രിയാ ഭവാനി ശങ്കര്‍ ആണ് സിനിമയിലെ നായിക. എ.ആര്‍.റഹ്‌മാന്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ശിവകുമാര്‍ വിജയനാണ്. 

2003 മുതല്‍ ഒന്‍പതു വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ചിരുന്ന ഇര്‍ഫാന്‍ പത്താന്‍ കഴിഞ്ഞ കുറേ വര്‍ഷമായി മൈതാനത്തുണ്ടായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ഓവറില്‍തന്നെ ഹാട്രിക് നേടുന്ന ബൗളറായിമാറിയ ഇര്‍ഫാന് പക്ഷേ, 2007-ഓടെ പതുക്കെ ഇന്ത്യന്‍ ടീമില്‍നിന്ന് മാറേണ്ടിവന്നു. കറാച്ചിയില്‍ പാകിസ്താനെതിരേയായിരുന്നു ആ ഹാട്രിക്.

പേസും സ്വിങ്ങും കൊണ്ട് എതിരാളികളെ വിറപ്പിച്ച മികച്ച ഇടങ്കയ്യന്‍ ബൗളറായിരുന്നു ഈ ബറോഡക്കാരന്‍. 2007-ല്‍ ഐ.സി.സി. ഇന്റര്‍നാഷണല്‍ ടി.20 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളാകുമ്പോള്‍ ഇര്‍ഫാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഏകദിന ടീമില്‍നിന്നും ടെസ്റ്റ് ടീമില്‍നിന്നുമൊക്കെ അദ്ദേഹം പുറത്തായി. പ്രതാപകാലത്തെ പേസും സ്വിങ്ങും കണ്ടെത്താന്‍കഴിയാത്തതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം.

ക്രിക്കറ്റ് ലോകത്തുനിന്ന് മാറിയ അദ്ദേഹം പിന്നീട് മിനി സ്‌ക്രീനില്‍ ഭാഗ്യം പരീക്ഷിച്ചു. ഡാന്‍സ് റിയാലിറ്റി ഷോ ആയിരുന്ന 'ഝലക് ദിഖ്ല ജാ'യില്‍ അദ്ദേഹം തിളങ്ങുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ യൂസഫ് പത്താന്‍ മൂത്ത സഹോദരനാണ്. 

Content Highlights: Irfan pathan on his debut Tamil Movie, Chiyaan Vikram 58, Ajay Gnanamuthu