ബി.കെ. ഹരിനാരായണൻ | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
മൊഴിമാറ്റ ഗാനങ്ങളേക്കുറിച്ചും പുതുതലമുറയിലെ ഗാനരചനയേക്കുറിച്ചുമുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ. മൊഴിമാറ്റ ഗാനങ്ങളെഴുതുന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നും അത്തരം ഗാനങ്ങളെഴുതുന്നവരെ നമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ യുവേഴ്സ് ട്രൂലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാട്ടെഴുതുന്ന സമയത്ത് കവിത വേണ്ട എന്ന് സംവിധായകർ പറഞ്ഞ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"നമിക്കേണ്ടവരാണ് മൊഴിമാറ്റ ഗാനങ്ങളെഴുതുന്നവർ. ഞാൻ വളരെ അപൂർവമായേ എഴുതിയിട്ടുള്ളൂ. എന്നെക്കൊണ്ട് പറ്റാത്ത ഒരു പണിയാണത്. ചുണ്ടുകളുടെ അനക്കം വരെ നോക്കണം. അങ്ങനെ എഴുതുന്നതിനുള്ള ശേഷി ഇല്ലാത്തതിനാൽ അതിൽ നിന്ന് ഒഴിവാകുകയാണ് പതിവ്. അതെന്റെ ഒരു കുറവായിട്ടാണ് ഞാൻ കാണുന്നത്. ഗാനങ്ങൾ മൊഴിമാറ്റുമ്പോൾ യഥാർത്ഥ വരികളുടെ അർത്ഥം തന്നെ വേണമെന്ന് ചിലർ പറയാറുണ്ട്. അത് ചിലപ്പോൾ മലയാളത്തിൽ പറ്റിയെന്നുവരില്ല. ഓരോ രീതിയുണ്ടാവുമല്ലോ." ബി.കെ ഹരിനാരായണൻ പറഞ്ഞു.
അവർ പറയുന്നത് കൊടുക്കുകയും വേണം, ഇവിടെ അത്ര അലോസരമുണ്ടാക്കുകയും ചെയ്യരുത്. വല്ലാത്ത കഷ്ടപ്പാടാണ്. വേറെ ഭാഷയാണ്. അതിൽ നിന്നെല്ലാം അരക്കവിത പോലെ ഒരു പാട്ടെങ്കിലും ഉണ്ടാക്കുന്നുണ്ടെങ്കിൽ അവരെയൊക്കെ നമിക്കണം എന്നാണ് തന്റെ അഭിപ്രായം. സിജു തുറവൂരിനേ പോലെ ഒരുപാടുപേരുണ്ട് ആ മേഖലയിൽ പ്രവർത്തിക്കുന്നവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ പാട്ടുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്നത്തെ പാട്ടുകളിൽ കവിതയില്ലാത്ത പോലെയായിരിക്കും. അത് പാട്ടിൽ മാത്രമല്ല എന്നാണ് തനിക്ക് തോന്നുന്നതെന്ന് ഹരിനാരായണൻ പറഞ്ഞു. പഴയ സിനിമകളിലുണ്ടായിരുന്ന കാവ്യാത്മകമായ സംഭാഷണങ്ങൾ ഉണ്ടല്ലോ. അതുപോലുള്ള ഡയലോഗ് ഡെലിവറിയും മാറിയിട്ടുണ്ട്. പാട്ടെഴുതുന്ന സമയത്ത് കവിത വേണ്ട എന്ന് സംവിധായകർ പറഞ്ഞ അനുഭവം തനിക്കുണ്ടായിട്ടുണ്ട്. അതൊരു കാലത്തിന്റെ മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി.
"പാട്ട് ഒരുപരിധിവരെ ജനപ്രിയ കലയാണ്. ജനപ്രിയ സിനിമയുടെ ഭാഗമായുള്ള കലയാണ്. ഹിറ്റ് പാട്ടുകളുണ്ടാവാനാണ് നമ്മൾ ശ്രമിക്കുന്നത്. ഹിറ്റ് പാട്ടുകളുടെ നിർമാണം ഒരിക്കലും ബെസ്റ്റ് പാട്ടായിക്കൊള്ളണമെന്നില്ല. ഞാൻ വ്യക്തിപരമായി കവിതയുള്ള പാട്ടുകൾ ഇഷ്ടപ്പെടുന്നയാളാണ്." ഹരിനാരായണൻ കൂട്ടിച്ചേർത്തു.
Content Highlights: interview with bk harinarayanan, yours truly, bk harinarayanan about new and old songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..