രംഗനാഥ് രവി | ഫോട്ടോ: സ്ക്രീൻഗ്രാബ്
പോത്ത് വളരെ കുറച്ച് മാത്രം ശബ്ദമുണ്ടാക്കുന്ന ജീവിയാണെന്നും ജെല്ലിക്കെട്ടിൽ പോത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യാൻ ഏറെ പണിപ്പെട്ടുവെന്നും സൗണ്ട് ഡിസൈനർ രംഗനാഥ് രവി. മാതൃഭൂമി ന്യൂസ് 'ആർക്ക് ലൈറ്റ്' പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സിനിമയിൽ ശബ്ദത്തിന്റെ ഇംപാക്റ്റ് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ജല്ലിക്കെട്ടിൽ പോത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്യുന്നത് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. വളരെ നിശ്ശബ്ദനായ ജീവിയാണ് പോത്ത്. അക്രമാസക്തമായാൽപ്പോലും ശബ്ദം കുറവായിരിക്കും. മണിക്കൂറുകളാണ് പോത്തിന്റെ ശബ്ദംകിട്ടാൻ ഞാൻ അതിന്റെ അടുത്തിരുന്നത്. എന്നിട്ടും ശബ്ദം ഒന്നുമുണ്ടാക്കിയില്ല. കിട്ടിയതാകട്ടെ ഒന്നോ രണ്ടോ മുരൾച്ച മാത്രം. വയലന്റായ ഒരു പോത്തിന്റെ ശബ്ദം ഒരിക്കലും റെക്കോർഡ് ചെയ്യാൻ പറ്റില്ല. സത്യത്തിൽ ആ സിനിമയിൽ പോത്തിന്റെ ശബ്ദത്തിന് പുറമേ മറ്റ് ശബ്ദങ്ങളും ഉപയോഗിച്ചിട്ടുണ്ട്. അതേതൊക്കെയാണെന്ന് പറയില്ല." രംഗനാഥ് പറഞ്ഞു.
ചുരുളിയിലെ തുടക്കത്തിലുള്ള ജീപ്പ് രംഗം എഡിറ്റിങ് ഭാഗമൊക്കെ കണ്ടതിന് ശേഷം സൗണ്ട് റെക്കോർഡ് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. രംഗം നടന്ന അതേ സ്ഥലത്ത് ജീപ്പോടിച്ച് ശബ്ദം റെക്കോർഡ് ചെയ്യുകയായിരുന്നു. ഫെബ്രുവരിയിൽ വേനൽ സമയത്ത് പോയി ഒരു റൗണ്ട് ശബ്ദം എടുത്തെങ്കിലും ഉപയോഗിക്കാനായില്ല. സിനിമ ഷൂട്ട് ചെയ്യുമ്പോഴുള്ള, ആവശ്യപ്പെടുന്ന മൂഡ് ആയിരുന്നില്ല അപ്പോൾ. അതുകൊണ്ട് ജീപ്പോടിക്കുന്നതല്ലാത്ത ശബ്ദങ്ങൾ തന്റെ കയ്യിൽ നേരത്തേയുണ്ടായിരുന്നത് സിനിമയ്ക്ക് ഉപയോഗിക്കുകയായിരുന്നു. സാങ്കല്പിക സ്ഥലമായതുകൊണ്ട് ശബ്ദത്തിന്റെ കാര്യത്തിൽ പരിമിതികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ഡയറീസിൽ പന്നിയെ കൊല്ലുന്ന രംഗത്തിലെ ശബ്ദം നേരിട്ടാണ് റെക്കോർഡ് ചെയ്തത്. അജഗജാന്തരം ചെയ്യുന്ന സമയത്താണ് ആനയ്ക്ക് ഇത്രയും വ്യത്യസ്ത തരം ശബ്ദങ്ങളുണ്ടെന്ന് അറിയാൻ കഴിഞ്ഞത്. പക്ഷേ ഈ സിനിമയിലും ആനയുടെ ശബ്ദത്തിനൊപ്പം മറ്റ് സൗണ്ടുകളും ചേർത്തിട്ടുണ്ട്. കരിയറിൽ ഏറ്റവും കൂടുതൽ അധ്വാനിച്ചത് ജല്ലിക്കെട്ടാണ്. പക്ഷേ എനിക്ക് വ്യക്തിപരമായി കൂടുതൽ ഇഷ്ടം തോന്നിയത് ഈ.മ.യൗ ആണെന്നും രംഗനാഥ് രവി കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..