കൊച്ചി: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നിവിടങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് . പ്രതിസന്ധിയുടെ കാലത്തെ അതിജീവനം പ്രമേയമാക്കിയ പത്ത് പ്രത്യേക ചിത്രങ്ങള്‍ ഉള്‍പ്പടെ 220 സിനിമകള്‍ വ്യാഴാഴ്ച  ആരംഭിക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍, മത്സരേതര മലയാളം വിഭാഗം, ഹോമേജ് ,അനിമേഷന്‍, മ്യൂസിക് വീഡിയോ തുടങ്ങിയ വിഭാഗങ്ങളിലായാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തില്‍ സോണിയ ഫിലിന്റോ ഒരുക്കിയ ബ്രഡ് ആന്‍ഡ് ബിലോങിങ്,സുവദ്രോ ചൗധരിയുടെ ക്ലോസ് ടു ബോര്‍ഡര്‍, ആസാമീസ് ചിത്രം ഡെയ്സ് ഓഫ് സമ്മര്‍, കീമത് ചുക്കാത്തി സിന്ദഗി, ബാണി സിങ്ങിന്റെ ലോങ്ങിങ്, അജയ് ബ്രാറിന്റെ  ദി ഹിഡന്‍ വാര്‍ എന്നീ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കും.

ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ കുംഭ, മേക്കിങ് ഓഫ് മോസസ്, ഹരിപ്രിയ, എ പഫ് എന്നിവ   ഉള്‍പ്പടെ 25 ചിത്രങ്ങളാണ് മേളയിലെത്തുക. അന്താരാഷ്ട്ര ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളും മത്സരേതര മലയാളം വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തും. ഒരു തുടക്കത്തിന്റെ കഥ എന്ന മലയാളം ചിത്രം ഉള്‍പ്പടെ നാലു അനിമേഷന്‍ ചിത്രങ്ങളും മൂന്നു മ്യൂസിക്കല്‍ വീഡിയോകളും മേളയിലുണ്ട്. 

പ്രമുഖ ക്യുറേറ്ററായ റഷീദ് ഇറാനി,സംവിധായിക സുമിത്ര ഭവേ എന്നിവരോടുള്ള ആദരസൂചകമായി ഇഫ് മെമ്മറീസ് സെര്‍വ്‌സ് മീ റൈറ്റ് ,എ പാരലല്‍ ജേര്‍ണി എന്നീ ചിത്രങ്ങള്‍  പ്രദര്‍ശിപ്പിക്കും. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ മത്സരവും സംസ്ഥാനാടിസ്ഥാനത്തില്‍ ക്യാമ്പസ് വിഭാഗ മത്സരവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പ്രതിനിധികളും രാജേഷ് രാജാമണി, ഇഫാത്ത് ഫാത്തിമ,പങ്കജ് ഋഷി കുമാര്‍ എന്നിവര്‍ ഉള്‍പ്പടെ നൂറോളം പ്രശസ്തര്‍ മേളയുടെ ഭാഗമാകും.

മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും 

പതിമൂന്നാമത്  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ  'ബെയ്‌റൂട്ട് ഐ ഓഫ് ദ് സ്റ്റോം പ്രദര്‍ശിപ്പിക്കും.