തിരുവനന്തപുരം: പതിമൂന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിനോടും മറ്റു സൈനികരോടുമുള്ള ആദര സൂചകമായി വൈകിട്ടത്തെ ഉദ്ഘാടനച്ചടങ്ങ് സർക്കാർ ഒഴിവാക്കി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങാണ് ഒഴിവാക്കിയത്.

അതേസമയം, ഷെഡ്യൂൾ പ്രകാരം രാവിലെ 9.30ന് തന്നെ ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. ഏരീസ് പ്ലസ് കോംപ്ലക്സിലെ ഓഡിറ്റോറിയം ഒന്നിൽ സാറാ എൽ ആബേദ് സംവിധാനം ചെയ്‍ത ഐൻട് നോ ടൈം ഫോർ വിമെൻ എന്ന കനേഡിയൻ ഹ്രസ്വ ഡോക്യുമെൻററിയായിരുന്നു ആദ്യ ചിത്രം. 

തുടർന്ന് ഓഡിറ്റോറിയം നാലിൽ അന്താരാഷ്ട്ര ഷോർട്ട് ഫിക്ഷൻ വിഭാഗത്തിലെ എ ഫാളൻ ഫ്രൂട്ട് പ്രദർശിപ്പിച്ചു. മത്സര ചിത്രങ്ങളായ നിർമ്മല അക്ക മദർ, ദി ഡേ ഐ ബികം എ വുമൺ, ദി ഡോൾ, സൺറൈസ് ഇൻ മൈ മൈൻഡ്, ഡേ ഈസ് ഗോൺ, മുട്ട്സ്, ദി ബട്ടൺ എന്നീ ചിത്രങ്ങളും ഉദ്ഘാടന ചിത്രവും ഉൾപ്പടെ  ആദ്യ ദിനത്തിൽ 33 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 

കാമ്പസ് മത്സര ചിത്രമായ അസ്ര ജുൽക സംവിധാനം ചെയ്ത ആര്യൻ, റൂബൻ തോമസ് സംവിധാനം ചെയ്ത അരങ്ങിനുമപ്പുറം ആന്റണി, നിരഞ്ജ് മേനോൻ സംവിധാനം ചെയ്ത റിച്ച്വൽ എന്നിവയാണ് ആദ്യദിനത്തിലെ മലയാള ചിത്രങ്ങൾ. ഡെത്ത് ഇൻ വെനീസിലെ നായകനായ ബോൺ ആൻഡേഴ്സ്നെ സംവിധായകൻ കണ്ടെത്തുന്നതിനെ ആധാരമാക്കിയുള്ള വിഖ്യാത ഡോക്യൂമെന്ററി ചിത്രമായ ദി മോസ്റ്റ് ബ്യുട്ടിഫുൾ ബോയ് ഇൻ ദ വേൾഡ് എന്ന ചിത്രവും വ്യാഴാഴ്ച്ച പ്രദർശിപ്പിക്കും. ചടങ്ങ് ഒഴിവാക്കിയെങ്കിലും ഉദ്ഘാടന ചിത്രമായ ബെയ്റൂട്ട് ഐ ഓഫ് ദി സ്റ്റോമിന്റെ പ്രദർശനം ആറുമണിയ്ക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ തുടങ്ങി 19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളുമാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. 14 നാണ് സമാപനം.

Content Highlights: international documentary short film festival 2021, Documentary festival kerala