ഇന്നസെന്റ്, വിനീത് ശ്രീനിവാസൻ | ഫോട്ടോ: കാഞ്ചൻ മുള്ളൂർക്കര, ബി. മുരളികൃഷ്ണൻ | മാതൃഭൂമി
നഷ്ടം നമുക്ക് മാത്രമാണെന്ന് ഇന്നസെന്റിന്റെ വിയോഗത്തിൽ നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ് എന്നും വിനീത് പറഞ്ഞു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം അനശ്വരനടനെ അനുസ്മരിക്കുന്നത്.
'അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.' വിനീത് ശ്രീനിവാസൻ എഴുതി.
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10നാണ് ഇന്നസെന്റിന്റെ സംസ്കാരം. കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു അന്ത്യം.
ഹ്രസ്വമായ അമേരിക്കൻ യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു.
Content Highlights: innocent passed away, singer director vineeth sreenivasan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..