ഇന്നസെന്റ്, മോഹൻലാൽ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്റിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. ഫെയ്സ്ബുക്കിലെഴുതിയ ഹൃദയഹാരിയായ കുറിപ്പിലാണ് അദ്ദേഹം ഇന്നസെന്റിനെ ഓർമിക്കുന്നത്. പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹൻലാൽ കുറിച്ചു.
'ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.' മോഹൻലാലിന്റെ വാക്കുകൾ.
ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹൻലാൽ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കൻയാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷൻ വാർഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രലിൽ നടക്കും.
Content Highlights: innocent passed away, mohanlal's facebook post about demise of innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..