വേഷം എന്ന ചിത്രത്തിൽ മമ്മൂട്ടിയും ഇന്നസെന്റും | ഫോട്ടോ: മാതൃഭൂമി ലൈബ്രറി
അന്തരിച്ച നടനും എം.പിയുമായിരുന്ന ഇന്നസെന്റിനെ അനുസ്മരിച്ച് മമ്മൂട്ടി. ഫെയ്‌സ്ബുക്കിലെഴുതിയ വികാരനിര്‍ഭരമായ കുറിപ്പിലാണ് അദ്ദേഹം ഇന്നസെന്റുമൊത്തുള്ള നിമിഷങ്ങളേക്കുറിച്ചോര്‍മിക്കുന്നത്. ഇന്നസെന്റ് തനിക്ക് സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനുമായിരുന്നെന്ന് 'ഇന്നസെന്റ് ഇനിയില്ല' എന്ന തലക്കെട്ടിലെഴുതിയ നീണ്ട കുറിപ്പില്‍ മമ്മൂട്ടി എഴുതി.
ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടം തന്നെയാണ് തോന്നുന്നത്. അടുത്ത നിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നു വരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ 'സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ' എന്ന വിശേഷണത്തില്‍ നിന്ന് 'പോലെ' എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല..അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു. മമ്മൂട്ടി കുറിച്ചു.
ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനുമായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു.
ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ...സന്തോഷം പകരട്ടെ...അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍...! എന്നുപറഞ്ഞുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: innocent passed away, mammootty about his relation with innocent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..