അമ്പലപ്പുഴ: അമ്മയുടെ ശാപമാണ് തന്നെ ഹാസ്യനടനാക്കിയതെന്ന് ഇന്ദ്രന്‍സ്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ ഹാസ്യപ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. "കുഞ്ഞുപ്രായത്തില്‍ കുരുത്തക്കേട് ധാരാളം കൈവശമുണ്ടായിരുന്നു. പഠനത്തിനും അനുസരണയിലും പിന്നിലായിരുന്നു. ഒരുദിവസം വൈകി വീട്ടില്‍ കയറിച്ചെന്നപ്പോള്‍ അമ്മ പറഞ്ഞു, പഠിക്കത്തുമില്ല, കുളിക്കത്തുമില്ല, നിന്നെക്കണ്ട് നാട്ടുകാര്‍ ചിരിക്കും. അമ്മയുടെ വാക്കുകള്‍ സത്യമായി.
കുടക്കമ്പി, നീര്‍ക്കോലി എന്നൊക്കെ വിളിച്ച് ആളുകള്‍ ചിരിച്ചപ്പോള്‍ വളരെ സന്തോഷിച്ചിട്ടുണ്ട്. ദൈവത്തെപ്പോലെ കാണുന്നയാളാണ് കുഞ്ചന്‍ നമ്പ്യാര്‍. 'ആളൊരുക്കം' എന്ന സിനിമയില്‍ തുള്ളല്‍കലാകാരന്റെ വേഷം ചെയ്യാനായത് മഹാഭാഗ്യമായാണ് കാണുന്നത്" - അദ്ദേഹം പറഞ്ഞു.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്കാരം സമ്മാനിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ക്ക് ഇതുവരെ ഉണ്ടാകാത്ത സന്തോഷമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയപ്പോള്‍ ഉണ്ടായതെന്ന് അടൂര്‍ പറഞ്ഞു.
"ഒരു നടനും ലഭിക്കാത്തത്ര ജനസമ്മിതിയും സ്നേഹവുമാണ് ഇന്ദ്രന്‍സിന് ലഭിച്ചത്. ഏറ്റവും നല്ല അഭിനേതാക്കളാണ് ഹാസ്യനടന്മാരാകുന്നത്. ചിരിപ്പിക്കാനുള്ള സിദ്ധിയാണ് അഭിനയത്തില്‍ ഏറ്റവും പ്രധാനം. അതുള്ളവര്‍ക്ക് ഏതു വേഷവും ഇണങ്ങും. സോഷ്യല്‍ മീഡിയ എന്ന ആന്റി സോഷ്യല്‍ മീഡിയ എല്ലാവരെപ്പറ്റിയും മോശം പറയും. അതിലൊന്നുംപെടാത്തയാളാണ് ഇന്ദ്രന്‍സ്".- അടൂര്‍ പറഞ്ഞു.
സ്മാരകസമിതി ചെയര്മാന് ഡോ. പള്ളിപ്പുറം മുരളി അധ്യക്ഷനായി. ഡോ. രാജു മാവുങ്കല്‍, പ്രൊഫ. എന്‍.ഗോപിനാഥപിള്ള, നോവലിസ്റ്റ് കെ.ഉണ്ണികൃഷ്ണന്, കെ.വി.വിപിന്‍ദാസ്, ശ്രീകുമാര്‍ വര്‍മ്മ, എച്ച്.സലാം, എ.ഓമനക്കുട്ടന്, കൈനകരി സുരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. കവിസമ്മേളനം ഡോ. അമൃത ഉദ്ഘാടനം ചെയ്തു. ജെ.ഷിജിമോന്‍ അധ്യക്ഷനായി.
Content Highligfhts : Indrans state award best actor alorukkam indrans actor malayalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..