ടന്‍ ഇന്ദ്രന്‍സിനേ കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി സംവിധായകന്‍ വിനയന്‍. താന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേളു എന്ന കഥാപാത്രമായി ഇന്ദ്രന്‍സ് ഞെട്ടിച്ചു എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ ഏതാനും ചിത്രങ്ങളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു..

കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.. എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്.. അതിനു ശേഷം വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍  വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു..

എങ്കില്‍ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ  നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രന്റെ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഓര്‍ക്കുന്നു.. എന്റെ കൂടെ അല്ലങ്കിലും ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു.. അഭിനയകലയുടെ നിറുകയില്‍ എത്തി..

ജാതി വിവേചനത്തിന്റെ ആ പഴയ നാളുകളില്‍ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന  അധസ്ഥിതരില്‍ ഒരാളായി ഇന്ദ്രന്‍സ് ജീവിക്കുന്നതു കണ്ടപ്പോള്‍ ഷൂട്ടിങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണു നിറഞ്ഞുവെന്നും വിനയന്‍ കുറിച്ചു.

സിജു വിൽസൺ നായകനാവുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. അനൂപ് മേനോൻ, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, ടിനി ടോം, ജാഫർ ഇടുക്കി, ദീപ്തി സതി, രേണു സൗന്ദർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ. ശ്രീ ​ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Indrans, director Vinayan, Pathonpatham Noottandu movie