മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രന്‍സിന് നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയില്‍. മികച്ച നടനെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെ ഇന്ദ്രന്‍സ് എത്തിയിരുന്നു. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളൊരുക്കം എന്ന സിനിമയിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിനെ പരിഗണിച്ചത്. 

വി.സി.അഭിലാഷ് ഒരുക്കിയ ആളൊരുക്കത്തില്‍ ഓട്ടംതുള്ളല്‍ കലാകാരന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിന്റേത്‌ മികച്ച പ്രകടനമായിരുന്നുവെന്ന് ശേഖര്‍ കപൂര്‍ അഭിപ്രായപ്പെട്ടു. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കമാണ്.

നഗര്‍ കീര്‍ത്തന്‍ എന്ന സിനിമയിലെ അഭിനയത്തിന് പത്തൊന്‍പത് കാരനായ ബംഗാളി നടന്‍ റിഥി സെന്‍ ആണ് മികച്ച നടനായത്. 

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പ്രഖ്യാപനത്തില്‍ മലയാളം സിനിമ മികച്ച നേട്ടമാണ് കൊയ്തത്. തൊണ്ടിമുതലും ദൃക്സാക്ഷിയും, ഭയാനകവും, ടേക്ക് ഓഫും മൂന്ന് അവാര്‍ഡുകള്‍ വീതം നേടി. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും ജയരാജിന് തന്നെയാണ്. ഈ ചിത്രത്തിലൂടെ നിഖില്‍ എസ് പ്രവീണ്‍ മികച്ച ഛായാഗ്രാഹകനായി. 

മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും കരസ്ഥമാക്കി. ഇതേ ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരും, സഹടനടനായി ഫഹദ് ഫാസിലും തിളങ്ങി

ടേക്ക് ഓഫിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചപ്പോള്‍ ചിത്രത്തിലേ കേന്ദ്ര കഥാപാത്രമായ സമീറയുടെ വേഷം അവിസ്മരണീയമാക്കിയ പാര്‍വതിക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. ടേക്ക് ഓഫിലൂടെ പ്രൊഡക്ഷന്‍ ഡിസൈനിങ്ങിന് സന്തോഷ് രാമന്‍ അവാര്‍ഡിന് അര്‍ഹനായി. 

യേശുദാസിന് എട്ടാമത്തെ തവണയും ദേശീയ അവാര്‍ഡ് ലഭിച്ചതാണ് മറ്റൊരു പ്രത്യേക. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ പോയി മറഞ്ഞ കാലം എന്ന ഗാനമാണ് എന്ന ഗാനമാണ് യേശുദാസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.