വടം വലിയുടെ അവസാനവാക്കായി അറിയപ്പെടുന്ന റോയ് നീലൂർ, സെക്കൻഡുകൾക്കുള്ളിൽ എതിരാളികളെ പരാജയപ്പെടുത്തുന്ന അരുൺ പെരുമ്പാവൂർ, പഞ്ചഗുസ്തിയിലൂടെ വടംവലിയിലേക്കിറങ്ങിയ സിബി സെബാസ്റ്റ്യൻ, ഏഴാം നമ്പറിൽ മാത്രം മത്സരിക്കുന്ന ഏലിയാസ് മറ്റക്കുഴി.... ഇങ്ങനെ ഒരുകൂട്ടം യഥാർഥ വടംവലിതാരങ്ങൾക്കൊപ്പം ദിവസങ്ങളോളം ചെലവിട്ടാണ് ‘ആഹാ’ സിനിമയ്ക്കുവേണ്ടി ഇന്ദ്രജിത്ത് വടംവലി പഠിച്ചെടുത്തത്. തിരക്കഥ വായിച്ചപ്പോൾ ആവേശംകൊണ്ട പല രംഗങ്ങളും ക്യാമറയ്ക്കുമുന്നിൽ അവതരിപ്പിക്കാൻ പെടാപ്പാടുപെട്ട അനുഭവങ്ങളാണ് ഇന്ദ്രജിത്തിന് പറയാനുള്ളത്.

ആഹായിലെ കഥാപാത്രത്തിനു വേണ്ടി കുറേയേറെ അധ്വാനിച്ചതായി കേട്ടിട്ടുണ്ട്...

ആഹാ എന്റെ ആദ്യത്തെ സ്പോർട്‌സ് സിനിമയാണ്. സിനിമകളിലും ഓണാഘോഷപരിപാടികളിലും മാത്രമേ മുൻപ് വടംവലി കണ്ടിട്ടുള്ളൂ. കായികപരമായി എറെ പ്രയാസമുള്ള കളിയാണിതെന്ന് അടുത്തറിഞ്ഞപ്പോഴാണ് മനസ്സിലായത്. വടം വലിക്കുകയും വലിച്ചുകിടക്കുകയും ചെയ്യുന്നതെല്ലാം അഭിനയിച്ചുമാത്രം ഫലിപ്പിക്കാനാകില്ല,ക്യാമറയ്ക്കുമുന്നിൽ യഥാർഥത്തിൽ വടം വലിക്കുകയായിരുന്നു. കാൽമുട്ടും കൈയുമെല്ലാം മുറിഞ്ഞു ചോരപൊടിഞ്ഞു. ചിത്രീകരണം തുടങ്ങുന്നതിനു ദിവസങ്ങൾ മുൻപുതന്നെ വടംവലിക്കാർക്കൊപ്പംകൂടി അവരുടെ രീതികളെക്കുറിച്ച് കണ്ടും കേട്ടും മനസ്സിലാക്കി. വടം പിടിക്കാനും വലിക്കാനും ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം യഥാർഥ കളിക്കാരിൽനിന്ന്‌ പഠിച്ചെടുക്കുകയായിരുന്നു.

വടംവലി പ്രമേയമാകുന്ന സിനിമയുടെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നത് എപ്പോഴാണ്. കഥയിലേക്ക് ആകർഷിച്ചത്...

കോവിഡ് ഭീതി ഉയരുന്നതിനുമുൻപ് തിയേറ്ററിലെത്താൻ തയ്യാറെടുത്ത സിനിമയായിരുന്നു ആഹാ. സിനിമയിൽ ഇതിനുമുൻപും വടംവലിരംഗങ്ങളും വടംവലിക്കാരെയും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും കളിയുടെ വാശിയും പോരാട്ടവീര്യവും അവരുടെ ജീവിതവും പ്രേക്ഷകനു മുന്നിൽ തുറന്നുവെക്കുന്നത് ഇതാദ്യമായിട്ടാകും.സംവിധായകൻ ബിബിനും തിരക്കഥാകൃത്ത് ടോബിത്തും ചേർന്നാണ് സിനിമയുടെ കഥ വിവരിച്ചത്. വടംവലിക്കാരെക്കുറിച്ചൊരു സിനിമ, അതിലൊരു പുതുമ തോന്നി. പേരെടുത്ത വടം വലിക്കളിക്കാരെക്കുറിച്ചും അവരുടെ ജീവിതത്തെപ്പറ്റിയുമെല്ലാം ഒരുപാട് കഥകൾ കേട്ടു. വടംവലി ടീമിനൊപ്പം ഒന്നുരണ്ട് വർഷം തുടർച്ചയായി സഞ്ചരിച്ചാണ് ടോബിത്ത് ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. മുപ്പത് മുപ്പത്തഞ്ച് വയസ്സുള്ള കളിക്കാരനായും അമ്പത് കടന്ന വടംവലി ആശാന്റെ വേഷത്തിലുമാണ് അഭിനയിച്ചത്.

കുറുപ്പിനെ അന്വേഷിച്ചിറങ്ങിയ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടു, ഇനിയങ്ങോട്ട് ഇന്ദ്രജിത്തിന്റെ ഒരുകൂട്ടം പോലീസ് വേഷങ്ങളാണ് എത്താനുള്ളതെന്നറിയുന്നു

പോലീസ് വേഷങ്ങളുടെ നീണ്ട നിരതന്നെയാണ് ഇനി വരാനിരിക്കുന്നത്. പട്ടാളസിനിമയിൽ ഒട്ടേറെ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്തപോലെ എന്നെ പോലീസിൽ എടുക്കുമോയെന്ന്‌ സംശയിക്കാവുന്നതാണ് (കണ്ണിറുക്കിയ ചിരി). കോവിഡ്കാലത്തിനുമുൻപും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പോലീസ് വേഷമാണ്. കുറുപ്പ്, തീർപ്പ്, അനുരാധ, മോഹൻദാസ്, നൈറ്റ് ഡ്രൈവ്, പത്താംവളവ്... എല്ലാത്തിലും പോലീസ്‌ തന്നെ. യാദൃച്ഛികമായി സംഭവിച്ചതാണ് ഇതെല്ലാം, പോലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്.

content highlights : Indrajith Sukumaran interview Aaha Kurup movie characters new malayalam movie