പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഇന്ത്യന്‍ സിനിമയെ മറ്റൊരു തലത്തിലെത്തിച്ച ചിത്രമായിരുന്നു ശങ്കറിന്റെ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍. ഇരുപത്തിമൂന്ന് വര്‍ഷം മുന്‍പിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാണ്. കാരണം മറ്റൊന്നുമല്ല, രാഷ്ട്രീയത്തിലിറങ്ങുന്ന നായകന്‍ കമലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന അഭ്യൂഹം ശക്തമാണ്. കമലിന്റെ രാഷ്ട്രീയമോഹം സഫലീകരിക്കാനുള്ള ആയുധമായിരിക്കും ഈ ചിത്രമെന്ന അഭ്യൂഹവുമുണ്ട്.

ഈ അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സേനാപതി  കോര്‍ത്ത വിരലുകള്‍ ചൂണ്ടിനില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകന്‍ ശങ്കര്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ജനുവരി 18നാണ് ചിത്രീകരണം ആരംഭിക്കുക.

കമലിന് പുറമെ കാജല്‍ അഗര്‍വാള്‍, നെടുമുടി വേണു, ദുല്‍ഖര്‍ സല്‍മാന്‍, ചിമ്പു തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ലൈക്കാ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: Indian2 Kamal Hassan Shankar Tamil Movie First Look Poster