വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമങ്ങളെക്കുറിച്ചും മമത ബാനർജിയുടെ വിജയത്തെ കുറിച്ചും താരം പങ്കുവച്ച ട്വീറ്റുകളാണ് ട്വിറ്ററിന്റെ നടപടിക്ക് കാരണം. 

ഇപ്പോഴിതാ കങ്കണയെ ഇരുകയ്യും നീട്ടി സ്വാ​ഗതം ചെയ്യുകയാണ് ട്വിറ്ററിന് സമാനമായ ഇന്ത്യൻ ആപ്പ് കൂ. കൂവിൽ ഫെബ്രുവരി 16ന് കങ്കണ പങ്കുവച്ച ആദ്യ സന്ദേശം സൂചിപ്പിച്ച് 'കൂ'വിന്റെ സഹസ്ഥാപകൻ അപ്രമേയ രാധാകൃഷ്ണനാണ് താരത്തെ സ്വാ​ഗതം ചെയ്തത്. 

തനിക്ക് ഈ സ്ഥലം പുതിയതാണെന്നും ശീലമായി വരണമെന്നും 'കൂ'വിൽ ആദ്യമായി കുറിച്ച കങ്കണ വാടക വീട് എപ്പോഴും വാടക വീട് തന്നെയാണെന്നും സ്വന്തം വീട് എന്ത് തന്നെയായാലും സ്വന്തം വീട് തന്നെയാണെന്നും പറഞ്ഞിരുന്നു. മറ്റെല്ലാം വാടകയ്‌ക്കെടുക്കുമ്പോൾ 'കൂ' തന്റെ വീട് പോലെയാണെന്ന് കങ്കണ അന്ന് പറഞ്ഞത് ശരിയാണെന്നാണ് അപ്രമേയ വ്യക്തമാക്കുന്നത്. 

'കൂ' നിങ്ങളുടെ വീടാണെന്നും നിങ്ങൾക്ക് ഇവിടെ നിങ്ങളുടെ അഭിപ്രായങ്ങൾ അഭിമാനത്തോടെ എല്ലാവരുമായി പങ്കുവയ്ക്കാമെന്നും കങ്കണണയെ ‘കൂ’വിന്റെ ലോകത്തേക്ക് ക്ഷണിച്ചുകൊണ്ട് സഹസ്ഥാപകനായ മായങ്ക് ബിദ്‌വാഡ്കയും വ്യക്തമാക്കുന്നു.

നിലവിൽ കങ്കണയ്ക്ക് 4.48 ലക്ഷത്തിൽ പരം ഫോളോവേഴ്സുണ്ട് കൂവിൽ. 

content highlights : Indian App Koo Founders Welcome Kangana Ranaut After Her Twitter Suspension