ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനരംഗത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരൺ തേജയും | ഫോട്ടോ: www.facebook.com/RRRMovie/photos
ലോകം കാത്തിരിക്കുന്ന ഓസ്കർ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച രാവിലെ ഇന്ത്യന്‍ സമയം 5.30നാണ് 95-ാമത് അക്കാദമി അവാർഡിന് തുടക്കമാവുന്നത്. രാജമൗലി ചിത്രം ആർ.ആർ.ആറിലെ 'നാട്ടു നാട്ടു'വിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
അമേരിക്കന്‍ നടിയും നര്‍ത്തകിയുമായ ലോറന്‍ ഗോട്‌ലീബ് ആണ് ഓസ്കർ പുരസ്കാര വേദിയിൽ ‘നാട്ടു നാട്ടു’വിനു ചുവടുവെക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഗോൾഡൻ ഗ്ലോബിന് പുറമെ ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്സില്‍ മൂന്ന് വിഭാഗങ്ങളില്‍ 'ആര്‍.ആര്‍.ആര്‍' അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍.ആര്‍.ആറിന്റെ അവാര്‍ഡ് നേട്ടം.
അതേസമയം, ഇത്തവണ ഓസ്കറിലെ മികച്ച ചിത്രം ഏതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 10 ചിത്രങ്ങളാണ് സാധ്യതാപട്ടികയിലുള്ളത്. 'എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്', 'ദി ഫേബിള്‍മാന്‍', 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്', 'ബാന്‍ഷീസ് ഓഫ് ഇന്‍ഷെറിന്‍', 'ടോപ് ഗണ്‍: മാവ്റിക്', 'താര്‍', 'എല്‍വിസ്', 'അവതാര്‍: ദ് വേ ഓഫ് വാട്ട'ര്‍, 'വിമന്‍ ടോക്കിങ്', 'ട്രയാങ്കില്‍ ഓഫ് സാഡ്നസ്' എന്നിവയാണ് സാധ്യതാപ്പട്ടികയിലുള്ള ചിത്രങ്ങൾ. 11 നോമിനേഷനുകൾ സ്വന്തമാക്കിയ 'എവ്രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്' എന്ന ചിത്രത്തിനാണ് കൂടുതൽ പേരും സാധ്യത കൽപ്പിക്കുന്നത്.
സ്റ്റീവൻ സ്പിൽബർഗ്, മാർട്ടിൻ മക്ഡൊനാഗ്, ഡാനിയൽ ക്വാൻ- ഡാനിയൽ ഷീനെർട്ട്, ടോഡ് ഫീൽഡ്, റൂബൻ ഓസ്റ്റ്ലണ്ട് എന്നിവരാണ് മികച്ച ഡയറക്ടർക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകൻ. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ മുതലായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയ സ്ട്രീമിങ് ഉണ്ടായിരിക്കും.
Content Highlights: india's hope in oscar on rajamouli film rrr song nattu nattu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..