പ്രമുഖ സിനിമാ വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ജീത്തു ജോസഫിന്റെ ദൃശ്യം 2. നൂറ് സിനിമകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ദൃശ്യം 2. ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യന്‍ സിനിമയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 

ഹോളിവുഡില്‍ നിന്നുള്ള നോമാഡ്ലാന്‍ഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, ആര്‍മി ഓഫ് ദി ഡെഡ്,  ദി ലിറ്റില്‍ തിങ്‌സ് എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്.

ഐഎംഡിബി റേറ്റിങ്ങില്‍ ഉപഭോക്താക്കളും പങ്കെടുക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വോട്ടില്‍ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതില്‍ തന്നെ 11450 പേര്‍ ചിത്രത്തിന് പത്തില്‍ പത്തും നല്‍കി. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നല്‍കിയ വോട്ടിങ് ആണ് റേറ്റിങ് കൂടാന്‍ കാരണമായത്. ഇതിന്റെ ഭാഗമായി ഐഎംഡിബി ടീം മോഹന്‍ലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.

ഫെബ്രുവരി 19 ന് ആമസോണ്‍ പ്രൈം വഴിയാണ് ദൃശ്യം റിലീസ് ചെയ്തത്. 2011 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. ചിത്രത്തിന്റെ ആദ്യഭാഗം വലിയ വിജയമാവുകയും തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളില്‍ റീമേക്ക് ചെയ്തിരുന്നു. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: imdb most popular movies 2021, Drishyam 2 at seventh position, Mohanlal, Jeethu Joseph