സുന്ദരിയാണ് ബോളിവുഡിലും ടോളിവുഡിലും തിളങ്ങിനില്‍ക്കുന്ന ഇല്ല്യാന ഡിക്രൂസ്. എന്നാല്‍, സ്വന്തം ശരീരത്തെ ഓര്‍ത്ത് വിഷമിച്ച് ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചൊരു കാലമുണ്ടായിരുന്നു ഈ താരത്തിന്. ഇല്ല്യാന തന്നെയാണ് തന്റെ ജീവിതത്തിലെ ഈ ഇരുണ്ടകാലം തുറന്നുപറഞ്ഞത്. ഇരുപത്തിയൊന്നാമത് ലോക മാനസികാരോഗ്യ കോണ്‍ഗ്രസിലായിരുന്നു ഇല്ല്യാനയുടെ ഈ വെളിപ്പെടുത്തല്‍. ശരീരത്തെ വൈരൂപ്യം പിടികൂടുന്ന ബോഡി ഡിസ്‌മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയുമായി മല്ലിട്ട കഥകളാണ് ഇല്ല്യാന പങ്കിട്ടത്.

അക്കാലത്ത് വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. ഊര്‍ജമെല്ലാം ചോര്‍ന്ന അവസ്ഥ. എന്നും ദു:ഖിത. എന്നാല്‍, വിഷാദരോഗത്തിന്റെയും ബോഡി ഡിസ്‌മോര്‍ഫിക് ഡിസോഡറിന്റെയും പിടിയിലാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. അക്കാലത്ത് എല്ലാം അവസാനിപ്പിക്കണമെന്ന ചിന്ത വന്ന നേരമുണ്ടായിരുന്നു. പലപ്പോഴും ആത്മഹത്യാചിന്ത മനസ്സിനെ പിടികൂടിയത്. എന്നാല്‍, ഞാന്‍ എന്നെ തന്നെ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ കടന്നുപോകുന്ന ജീവിതസന്ധി തിരിച്ചറിഞ്ഞപ്പോള്‍ ഇതെല്ലാം മാറി. വിഷാദരോഗത്തിനെതിരെ പൊരുതാനുള്ള ആദ്യപടിയാണിത്. ഞാനതില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതല്ല. ഓരോ ദിവസവും ഓരോ പ്രക്രിയയായിരുന്നു. ഓരോ ദിവസവും രോഗമുക്തിയിലേയ്ക്കുള്ള ഒരോ ചുവടുവയ്പ്പായിരുന്നു-ഇല്ല്യാന പറഞ്ഞു.

വിഷാദരോഗം ഒരു യാഥാര്‍ഥ്യമാണ്. അതിനെ അങ്ങനെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവില്ല. വെറുതെ ഒന്നും ചെയ്യാതിരുന്നാല്‍ അത് തനിയെ ശരിയാകുമെന്ന് കരുതരുത്. പെട്ടന്നു തന്നെ സഹായം തേടുകയാണ് വേണ്ടത്. നമുക്ക് പേശിവലിവുണ്ടെങ്കില്‍ നമ്മള്‍ പരിശോധനയ്ക്ക് വിധേയരാവില്ലെ? അതുപോലെ വിഷാദരോഗം വരുമ്പോഴും പരിശോധന നടത്തുക.

അപൂര്‍ണത ജീവിതത്തിന്റെ ഭാഗമാണ്. നമ്മള്‍ എന്താണോ അതിനെ സ്‌നേഹിക്കാനാണ് പഠിക്കേണ്ടത്. നിങ്ങള്‍ മനുഷ്യരാണ്. അപൂര്‍ണരാവാന്‍ അനുവാദമുള്ളവരാണ്. പക്ഷേ, തെറ്റുകള്‍ വരുത്താന്‍ നമുക്ക് അനുവാദമില്ല. ഈ അപൂര്‍ണതയിലും അതുല്ല്യതയിലും ഒരുപാട് സൗന്ദര്യമുണ്ട്. നിങ്ങള്‍ ഞങ്ങളെപ്പോലുള്ള അഭിനേതാക്കളെ നോക്കി ഈശ്വരാ... എന്തൊരു സുന്ദരികളാണെന്ന് ചിന്തിക്കുന്നുണ്ടാകും. എന്നാല്‍, ഇത് അങ്ങനെയല്ല. ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഒരുങ്ങിയാണ് ഞങ്ങള്‍ ഇങ്ങനെയാവുന്നത്. നിങ്ങള്‍ നിങ്ങളെ തന്നെ സ്‌നേഹിക്കുക. നിങ്ങള്‍ എന്താണോ അതിനെ സ്‌നേഹിക്കുക. എന്നെ വിശ്വസിക്കൂ... നിങ്ങള്‍ക്ക് ഉള്ളില്‍ തന്നെ സന്തോഷം കണ്ടെത്താന്‍ കഴിയുന്ന ആളാണെങ്കില്‍ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വ്യക്തി നിങ്ങളാവും. നിങ്ങളുടെ ഏറ്റവും വലിയ ആസ്തി നിങ്ങളുടെ പുഞ്ചിരി തന്നെയാണ്-ഇല്ല്യാന പറഞ്ഞു.

അജയ് ദേവ്ഗണിനൊപ്പമുള്ള ബാദ്ഷാഹോ, റെയ്ഡ് എന്നിവയാണ് ഇല്ല്യാനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.