IFFK
കൊച്ചി: പ്രാദേശിക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അവസാന ദിനമായ ചൊവ്വാഴ്ച പ്രദർശനത്തിനെത്തുന്നത് പോരാട്ടങ്ങളുടെ കഥപറയുന്ന സിനിമകൾ. അഫ്ഗാൻ ചിത്രം ‘ഹവ മറിയം ആയിഷ’യും ജോർജിയൻ ചിത്രം ‘ബ്രൈറ്റൻ ഫോർത്തും’ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 14 സിനിമകൾ ചൊവ്വാഴ്ച വെള്ളിത്തിരയിലെത്തും.
സഹ്റ കരിമി സംവിധാനം ചെയ്ത ‘ഹവ മറിയം ആയിഷ’ വിവിധ പശ്ചാത്തലത്തിൽനിന്ന് വരുന്ന മൂന്ന് ഗർഭിണികളുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.45-ന് സവിത തിയേറ്ററിൽ ഫ്രെയിമിങ് കോൺഫ്ലിക്ട് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
യുദ്ധത്തിനിടെ ഭർത്താവിനെ കാണാതാവുന്ന ‘ഫഹ്രിജെ’ എന്ന വനിതയുടെ അതിജീവനത്തിനായുള്ള പോരാട്ടത്തിന്റെ കഥപറയുന്ന യൂറോപ്യൻ ചിത്രം ‘ഹൈവ’, സൈന്യം പിടിച്ചുകൊണ്ടുപോയ തന്റെ മകനെ തിരിച്ചുകിട്ടാൻ ശ്രമിക്കുന്ന അമ്മയുടെ കഥപറയുന്ന ‘അംപാറോ’, കുസിജനോവിച്ച് സംവിധാനം ചെയ്ത അമേരിക്കൻ ചിത്രം ‘മുറിന’ എന്നിവ ഉൾപ്പെടെ ആറ് ചിത്രങ്ങൾ ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
‘ഹോമേജ്’ വിഭാഗത്തിൽ പി. ബാലചന്ദ്രന് ആദരസൂചകമായി പ്രദർശിപ്പിക്കുന്ന ‘ഇവൻ മേഘരൂപൻ’, അടൽ കൃഷ്ണൻ സംവിധാനം ചെയ്ത ‘വുമൺ വിത്ത് എ മൂവിങ് ക്യാമറ’, മലയാളം ചിത്രം ‘ഉദ്ധരണി’ എന്നിവയാണ് അവസാന ദിനത്തിലെ ഇന്ത്യൻ ചിത്രങ്ങൾ.
കുറഞ്ഞ ചിലവിൽ കോളേജ് വിദ്യാർഥികൾ ചിത്രീകരിച്ച സിനിമയാണ് ‘വുമൺ വിത്ത് എ മൂവി ക്യാമറ’. സ്ത്രീജീവിതത്തിന്റെ സങ്കീർണതകളിലൂടെ സഞ്ചരിക്കുന്ന ചിത്രം തിരുവനന്തപുരം മേളയിൽ പ്രേക്ഷകപ്രശംസ നേടിയിരുന്നു.
അച്ഛനും മകനും തമ്മിലുള്ള ഹൃദയബന്ധം പറയുന്ന ‘ബ്രൈറ്റൻ ഫോർത്ത്’ മേളയുടെ അവസാന ദിനമായ ചൊവ്വാഴ്ച രാത്രി 8.30-ന് മുഖ്യവേദിയായ സരിത തിയേറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. ലോസ് ആഞ്ജലിസിൽ നടന്ന ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉൾപ്പെടെ വിവിധ ചലച്ചിത്ര മേളകളിലായി ആറ് പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണിത്.
മനുഷ്യന്റെ അതിജീവനക്കാഴ്ചകളുമായി അഞ്ചു ദിവസം സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കിയ ചലച്ചിത്രമേളയ്ക്ക് ചൊവ്വാഴ്ച തിരശ്ശീല വീഴും.
Content Highlights: IFFK 2022, Regional Film Festival at Kochi, International Film Festival Of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..