Hasyam, Churuli
തിരുവനന്തപുരം: 25ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ ചുരുളി’ , ജയരാജ് സംവിധാനം ചെയ്ത ‘ ഹാസ്യം’ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുത്തു. മോഹിത് പ്രിയദർശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘ കോസ’ , അക്ഷയ് ഇന്ദിക്കറുടെ മറാത്തി ചിത്രം ‘ സ്ഥൽ പുരാൺ (Chronicle of Space)’ എന്നിവയാണ് മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റ് രണ്ട് ഇന്ത്യൻ ഭാഷാ ചിത്രങ്ങൾ.
മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് 12 സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാമവൃക്ഷത്തിലെ കുയിൽ (കെ പി കുമാരൻ), സീ യു സൂൺ (മഹേഷ് നാരായണൻ), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോൺ പാലത്തറ), ലവ് (ഖാലിദ് റഹ്മാൻ), മ്യൂസിക്കൽ ചെയർ (വിപിൻ ആറ്റ്ലി), അറ്റെൻഷൻ പ്ളീസ് (ജിതിൻ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക - ദ് റിവർ ഓഫ് ബ്ലഡ് (നിതിൻ ലൂക്കോസ്), തിങ്കളാഴ്ച്ച നിശ്ചയം (സെന്ന ഹെഗ്ഡെ), പാപം ചെയ്യാത്തവർ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമൻ), ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), കയറ്റം (സനൽകുമാർ ശശിധരൻ) എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് ഏഴ് സിനിമകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. മീൽ പത്തർ (ഇവാൻ ഐർ; ഹിന്ദി, പഞ്ചാബി, കശ്മീരി), നാസിർ (അരുൺ കാർത്തിക്; തമിഴ്), കുതിരവാൽ (മനോജ് ജാഹ്സൺ, ശ്യാം സുന്ദർ; ഹിന്ദി ), ദ ഡിസിപ്ൾ (ചൈതന്യ തമ്ഹാനെ; മറാഠി, ഹിന്ദി, ഇംഗ്ലീഷ്, ബാംഗാളി), സേത്തുമാൻ (തമിഴ്; തമിഴ്), പിങ്കി എല്ലി ( പ്രിഥ്വി കൊനാനൂർ; കന്നഡ), ലൈല ഔർ സാത്ത് ഗീത് (പുഷ്പേന്ദ്ര സിങ്; ഹിന്ദി) എന്നിവയാണ് ഇന്ത്യൻ സിനിമ നൗ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴ് ചിത്രങ്ങൾ.
ആറ് ചിത്രങ്ങളാണ് കലൈഡോസ്കോപ്പ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1956- മധ്യതിരുവിതാംകൂർ (ഡോൺ പാലത്തറ; മലയാളം), ബിരിയാണി (സജിൻ ബാബു; മലയാളം), വാസന്തി (ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ; മലയാളം), മയാർ ജോൻജാൽ (ഇന്ദ്രാണി റോയ് ചൗധരി; ബംഗാളി), ഇല്ലിരലാരെ അല്ലിഗെ ഹോഗലാരെ (ഗിരീഷ് കാസറവള്ളി; കന്നഡ), അപ് അപ് & അപ് (ഗോവിന്ദ് നിഹലാനി; ഇംഗ്ലീഷ്) എന്നിവയാണ് കലൈഡോസ്കോപ്പ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.
ഇത്തവണ 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഡിസംബറിൽ നടക്കേണ്ടിയിരുന്ന മേള ഫെബ്രുവരിയിലേക്ക് മാറ്റിയത്.
Content Highlights : IFFK 2021 Lijo Jose Churuli Jayaraj Movie Hasyam into international competition category
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..