ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം അധ്യായം നവംബര്‍ ഇരുപത് മുതല്‍ ഇരുപത്തിയെട്ട് വരെ നടക്കും. വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യയാണ് ഇത്തവണത്തെ മേളയുടെ പാര്‍ട്ണര്‍ രാജ്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുണ്ടാകും. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഏതാണ്ട് ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്നും ജാവഡേക്കര്‍ പറഞ്ഞു.

മേളയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി അമ്പത് വര്‍ഷം മുന്‍പ് വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇക്കുറിയുണ്ടാകും. ദാദാ ഫാല്‍ക്കെ അവാര്‍ഡ് നേടിയ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനച്ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്‌ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രം.

സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജാഗ്ലേയാണ് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ ജൂറി അധ്യക്ഷന്‍.

1952ല്‍ മുംബൈയിലാണ് ആദ്യ മേള നടന്നത്. 2004 മുതലാണ് ഗോവ സ്ഥിരം വേദിയായത്.

Content Highlights: IFFI 2019 to be held in Goa from November 20-28 Amitabh Bachchan Priyadarshan