നിരവധി ചിത്രങ്ങളില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. ദ രണ്‍വീര്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.  പിതാവ് അമിതാഭ് ബച്ചന്‍ പകര്‍ന്നു നല്‍കിയ അനുഭവ പാഠങ്ങളെ കുറിച്ചും തുറന്നു സംസാരിച്ചു. 

സിനിമ എന്നുപറയുന്നത് ഒരു ബിസിനസ്സ് ആണെന്നും മാറ്റിനിര്‍ത്തപ്പെടുന്നത് വ്യക്തിപരമായി എടുക്കരുതെന്ന് മനസ്സിലാക്കണമെന്നും സ്വന്തം അനുഭവങ്ങളിലൂടെ അഭിഷേക് പറയുന്നു. ' എന്റെ ആദ്യ ചിത്രമായ റഫ്യൂജിയുടെ പ്രീമിയര്‍ ദക്ഷിണ മുംബൈയിലെ ലിബര്‍ട്ടി തിയേറ്ററില്‍ വെച്ചായിരുന്നു. പ്രധാന ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോഴാണ് യഷ് ചോപ്ര അവിടെ നില്‍ക്കുന്നത് കണ്ടത്. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ അനുഗ്രഹം വാങ്ങി. അപ്പോള്‍ എന്നെ ആലിഗംനം ചെയ്തുകൊണ്ട് അദ്ദേഹം എന്റെ ചെവിയില്‍ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. നിന്റെ അച്ഛന്‍ നിന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നു. അത് ഓര്‍ക്കണം, ബഹുമാനിക്കണം. ഇവിടം മുതല്‍ നിനക്ക് സ്വന്തം കാലുകളില്‍ മുന്നോട്ട് നടക്കേണ്ടതായിട്ടുണ്ട്. ഇന്ന് രാത്രി പടം നന്നായില്ലെങ്കില്‍ നാളെ രാവിലെ എല്ലാവരും അതറിയും പിന്നെ ആരും പടം കാണാനായി പോകില്ല. നിങ്ങള്‍ അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് യാഥാര്‍ഥ്യം.നിരവധി ചിത്രങ്ങളില്‍ നിന്ന് ഞാന്‍ മാറ്റപ്പെട്ടിട്ടുണ്ട്. എന്നെ വിളിച്ചിരുന്ന നിര്‍മാതാക്കള്‍ എന്റെ സിനിമകള്‍ വിജയിക്കാതായതോടെ എന്റെ ഫോണ്‍ എടുക്കാതിരുന്നിട്ടുണ്ട്. എന്നെ തിരിച്ചുവിളിക്കാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. അത് പക്ഷേ നിങ്ങള്‍ വ്യക്തിപരമായി എടുക്കരുത്. നിങ്ങള്‍ക്ക് മൂല്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ വിളിക്കും.'  അഭിഷേക് പറയുന്നു.

നെപോട്ടിസത്തെ കുറിച്ചും അഭിഷേക് സംസാരിച്ചു. ബോളിവുഡ് എല്ലായ്‌പ്പോഴും തന്റെ സ്വന്തം ആളുകള്‍ക്കൊപ്പമാണ് ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് എന്നുപറഞ്ഞ അഭിഷേക് താരപുത്രനായതിനാല്‍ തനിക്കുളള വിശാലമായ വിശേഷാധികാരങ്ങളെ കുറിച്ച്അറിയാമെന്നും തന്റെ പാരമ്പര്യത്തോട് ബഹുമാനക്കുറവ് കാണിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ' സിനിമാപാരമ്പര്യം എനിക്ക് സമ്മാനിച്ചത് കൊല്‍ക്കത്തയിലെ മികച്ച ശമ്പളമുളള ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് വണ്ടികയറിയ ഒരാളാണ്. രാത്രിയില്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ കിടന്നുറങ്ങിയ വ്യക്തിയാണ്. സിനിമാമത്സരത്തില്‍ പ്രവേശിക്കുകയും പരാജയപ്പെടുകയും ചെയ്ത, ആള്‍ ഇന്ത്യ റേഡിയോ ശബ്ദം മികച്ചതല്ലെന്ന് പറഞ്ഞ് നിരാകരിച്ച വ്യക്തിയാണ്. ഇന്നും അദ്ദേഹം ദിവസം 16-18 മണിക്കൂര്‍ ഒരു ദിവസം ജോലി ചെയ്യുന്നു.' അഭിഷേക് പറയുന്നു. 

എല്ലാ ഞായറാഴ്ചയും തന്നെ കാണാനെത്തുന്ന ആരാധകര്‍ക്ക് നേരെ കൈവീശുമ്പോള്‍ അടുത്ത ഞായറാഴ്ചയും ഇവര്‍ തന്നെ കാണാനെത്തുമോ എന്ന് ചിന്തിച്ച് കഠിനാധ്വാനം ചെയ്യുന്ന തന്റെ അച്ഛന്‍ അമിതാഭ് ബച്ചന്‍ തന്നെയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്നും അഭിഷേക് ഷോയില്‍ പറയുന്നുണ്ട്. 

 

Content Highlights:I was replaced in countless films -Abhishek Bachchan