ലുലു മാളിൽ ആരംഭിക്കുന്ന പി.വി.ആർ. തിയേറ്റർ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സിനിമാക്കാഴ്ചകളിൽ ഇനിമുതൽ ത്രീഡി, ഫോർഡി ദൃശ്യങ്ങൾ നിറയും. ഐ മാക്സ് തിയേറ്ററുൾപ്പെടെ ലോകോത്തര നിലവാരമുള്ള 12 സ്ക്രീനുകളും 1739 സീറ്റുകളുമായി പി.വി.ആർ. ലുലു മാളിൽ ഡിസംബർ ആദ്യ ആഴ്ചയിൽ പ്രദർശനം തുടങ്ങും.
ആഡംബര സംവിധാനങ്ങളുള്ള രണ്ട് ലക്സ് സ്ക്രീനുകളും ഒരു 4ഡി മാക്സ് സ്ക്രീനും ഉൾപ്പെടെയാണ് ഒരുക്കിയിരിക്കുന്നത്. ഐ മാക്സിൽ മാത്രം 278 സീറ്റുകളുണ്ട്. 4 ഡി മാക്സിൽ 80 സീറ്റും രണ്ട് ലക്സ് തിയേറ്ററുകളിലായി 96 സീറ്റുകളുമുണ്ട്. 107 മുതൽ 250 വരെ ഇരിപ്പിടങ്ങളുള്ളവയാണ് മറ്റ് എട്ട് തിയേറ്ററുകൾ. കേരളത്തിലെ ഏറ്റവും വലിയ സൂപ്പർപ്ളെക്സാണ് പി.വി.ആറിൽ ആരംഭിക്കുന്നത്. ഐ മാക്സ് ഒഴികെയുള്ള തിയേറ്ററുകൾ ഡിസംബർ രണ്ടാംതീയതിയും ഐ മാക്സ് ഡിസംബർ അഞ്ചിനും പ്രദർശനം തുടങ്ങും. ഗോൾഡ്, ടീച്ചർ എന്നീ സിനിമകളാകും ആദ്യം റിലീസ് ചെയ്യുക. ജെയിംസ് കാമറൂണിന്റെ അവതാർ- 2 ഐ മാക്സിലൂടെയാകും തലസ്ഥാനത്ത് പ്രദർശനം ആരംഭിക്കുകയെന്നാണ് സൂചന. എല്ലാ സ്ക്രീനുകളിലും അവസാനനിരയിൽ റിക്ലൈൻ സീറ്റുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
രാജ്യാന്തര നിലവാരമുള്ള അൾട്രാഹൈ റെസല്യൂഷൻ 2 കെ. ആർ.ജി.ബി. പ്ലസ് ലേസർ പ്രൊജക്ടറുള്ള കേരളത്തിലെ ആദ്യത്തെ സൂപ്പർപ്ളെക്സാണ് പി.വി.ആർ. ലക്സ്. ഡോൾബി 7.1 ഇമ്മേഴ്സീവ് ഓഡിയോയും നെക്സ്റ്റ്ജെൻ 3 ഡി സാങ്കേതികവിദ്യയും ഇതിന്റെ പ്രത്യേകതയാണ്. ന്യൂഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ വിജയത്തിനുശേഷം രാജ്യത്തെ നാലാമത്തെ പി.വി.ആർ. സൂപ്പർപ്ളെക്സാണ് തിരുവനന്തപുരത്തേത്.
ഫ്ളോട്ടിങ് ഐലൻഡ് ഇഫക്ടാണ് തിയേറ്ററിന് പുറത്തൊരുക്കിയിരിക്കുന്നത്. ഓഡിറ്റോറിയങ്ങളുടെ പാർശ്വഭിത്തികൾ വി (V) മാതൃകയിലാണ്. ഐ മാക്സ്, ലക്സ്, വിഭാഗങ്ങളിൽ പ്രത്യേക വ്യക്തിഗത ലോഞ്ചുകളും ഉണ്ട്. പി.വി.ആറിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി 76 നഗരങ്ങളിലായി 876 സ്ക്രീനുകളുണ്ട്.
ഐ മാക്സ്
ഉയർന്ന റെസലൂഷനുള്ള ലെൻസുകൾ, ഫിലിം കോഡെക്കുകൾ, പ്രൊജക്ടറുകൾ, സിനിമാ തിയേറ്ററുകളിലേക്കുള്ള ഉപകരണങ്ങൾ തുടങ്ങിയവ നിർമിക്കുന്ന കമ്പനിയാണ് ഐ മാക്സ്.
സ്റ്റേഡിയത്തിലേതുപോലെയുള്ള ഇരിപ്പിട സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. മികച്ച സിനിമാ അനുഭവം നൽകുന്ന ദൃശ്യ, ശബ്ദ സംവിധാനമാണ് ഐ മാക്സ് മുന്നോട്ടുവയ്ക്കുന്നത്.
സാധാരണ തിയേറ്ററുകളിലുള്ളതിനേക്കാൾ വലിപ്പമുള്ള സ്ക്രീനാണ് ഉപയോഗിക്കുന്നത്. 300 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരത്ത് വലിയ സാധ്യതകൾ
തമിഴ്നാട്ടിൽനിന്നുപോലും തിരുവനന്തപുരത്ത് ഷോപ്പിങ്ങിനും സിനിമ കാണാനും ജനങ്ങൾ എത്തും. രാജ്യത്തെതന്നെ വലിയ ഐ.ടി. കേന്ദ്രങ്ങളിലൊന്നാണിവിടം. ഇവർക്കൊക്കെ മികച്ച സിനിമാ അനുഭവമാണ് പി.വി.ആർ. ഒരുക്കുന്നത്. ഏറ്റവും വലിയ തിയേറ്ററും ഐ മാക്സും തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുന്നത് ഇക്കാരണങ്ങളാലാണ്.
- പ്രമോഡ് അറോറ, സി.ഇ.ഒ., പി.വി.ആർ. ഗ്രൂപ്പ്
Content Highlights: i max 4 dx theatres in kerala, thiruvananthapuram pvr lulu mall new theatres
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..