ഡൽഹി: കോവിഡ് ലോക്ഡൗൺ കാരണം അടച്ചിട്ട രാജ്യത്തെ സിനിമാ തിയ്യറ്ററുകൾ ആ​ഗസ്റ്റ് മുതൽ തുറക്കാൻ നിർദ്ദേശം മുന്നോട്ടുവച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. സെക്രട്ടറി അമിത് ഖരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദ്ദേശം വച്ചത്. 

സിഐഐ പ്രതിനിധികളുമായി അമിത് ഖരെ നടത്തിയ ചർച്ചയിലാണ് തിയ്യറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഉയർന്നുവന്നത്.

ഓഗസ്റ്റ് മാസം തുടക്കത്തിലോ അല്ലെങ്കിൽ അവസാനത്തിലോ രാജ്യമൊട്ടാകെയുള്ള തിയ്യറ്ററുകൾ തുറന്ന് പ്രവർത്തിക്കണമെന്നാണ് പ്രധാന നിർദ്ദേശം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ആളുകളെ പ്രവേശിപ്പിക്കാം. എന്നാൽ അത് സംബന്ധിച്ച് തിയ്യറ്റർ പ്രതിനിധികളിൽ നിന്ന് അനുകൂലമായല്ല പ്രതികരണം ഉണ്ടായിരിക്കുന്നത്. സാമൂഹിക അകലം സാധ്യമാകണമെങ്കിൽ 25 ശതമാനം കാണികളെ മാത്രമേ തിയ്യറ്ററിൽ പ്രവേശിപ്പിക്കാൻ സാധിക്കൂ. തിയ്യറ്റർ ഉടമകൾ കനത്ത നഷ്ടം നേരിടേണ്ടി വരും. ടിക്കറ്റ് ചാർജ് മൂന്നിരട്ടിയായി ഉയർത്താതെ ഈ സാഹചര്യത്തിൽ തിയ്യറ്ററുകൾ തുറക്കാനാകില്ലെന്നും ഇവർ പറയുന്നു.

Content Highlights: I&B Ministry Recommends Reopening of Cinemas in August, Covid Pandemic