കോവിഡില്‍ സിനിമ നിന്നുപോയ സാഹചര്യത്തില്‍ പ്രതിസന്ധിയിലായിപ്പോയ സിനിമാപ്രവര്‍ത്തകരുടെ വാര്‍ത്തകള്‍ ദിനംപ്രതി വരാറുണ്ട്. പ്രായമായ സിനിമാപ്രവര്‍ത്തകര്‍ പലരും ചികിത്സയ്ക്കും മറ്റും പണമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ഥിക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമായ ആര്‍ നാരായണ മൂര്‍ത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വീടിന് വാടക കൊടുക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണെന്നുമായിരുന്നു അത്. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ഗ്രാമത്തില്‍ ജീവിക്കുന്നത് കൊണ്ട് തന്നെ ദരിദ്രനായി ചിത്രീകരിക്കുന്നതിന് പിന്നിലെ മാനസികാവസ്ഥ മനസ്സിലാകുന്നില്ലെന്ന് ആര്‍ നാരായണ മൂര്‍ത്തി പറഞ്ഞു.

'ഞാന്‍ ജീവിക്കുന്നത് ബംഗ്ലാവിലല്ല. ഗ്രാമത്തിലാണ്. എനിക്ക് അതാണ് ഇഷ്ടം. ആഡംബരങ്ങളോട് താല്‍പര്യമില്ലാത്ത ജീവിത ശൈലിയാണ് എന്റേത്. ഞാന്‍ പാവപ്പെട്ടവനല്ല, പട്ടിണികിടക്കുകയുമല്ല. ഒരുപാട് ഹിറ്റ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതിനാല്‍ കോടികളുടെ സമ്പാദ്യം എനിക്കുണ്ട്. എനിക്ക് സഹായം നല്‍കാന്‍ ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഞാന്‍ പറയട്ടെ. എനിക്ക് ആരുടെയും സഹായം ആവശ്യമില്ല.

അന്തരിച്ച സംവിധായകനും നിര്‍മാതാവുമായ ദസരി നാരായണ റാവു എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഫ്‌ളാറ്റ് സമ്മാനമായി നല്‍കിയിരുന്നു. ഞാന്‍ അത് സ്‌നേഹത്തോടെ നിരസിക്കുകയാണ് ചെയ്തത്. എനിക്ക് പട്ടണത്തില്‍ ജീവിക്കാന്‍ താല്‍പര്യമില്ല. തെലുങ്കാന സര്‍ക്കാര്‍ എനിക്ക് ഭൂമി നല്‍കാമെന്ന് പറഞ്ഞിരുന്നു. അതും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. അര്‍ഹരായവര്‍ക്ക് അതെല്ലാം ലഭിക്കട്ടെ. എനിക്ക് ആവശ്യമില്ല'-ആര്‍.നാരായണ മൂര്‍ത്തി പറഞ്ഞു.

Content Highlights: I am not poor, I have crores of rupees: R Narayana Murthy slams rumours