മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് ബോളിവുഡ് ചിത്രം 'രാവണ്‍ ലീല'യുടെ പേര് മാറ്റി. 'ഭവായി' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. ചിത്രത്തിന്റെ ട്രെയ്ലർ‌ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഒരു വിഭാ​ഗം ആളുകൾ ചിത്രത്തിനെതിരേ രംഗത്തെത്തിയത്. 

രാവണനെ മഹത്വവത്കരിക്കുകയും ശ്രീരാമനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും ട്രെയ്ലറിലെ സംഭാഷണങ്ങളിലൂടെയും ചിത്രത്തിന്റെ ടൈറ്റിലിലൂടെയും രാവണന് അനുകൂലമായി അപകീർത്തികരവും ആക്ഷേപകരവുമായി ശ്രീരാമനെ ചിത്രീകരിക്കുകയും ചെയ്യുന്നുവെന്നാണ് മഹാരാഷ്ട്ര സ്വദേശിയായ കമലേഷ് ദേവിദയാൽ ​ഗുപ്ത ചിത്രത്തിന്റെ സംവിധായകനും രചയിതാവിനും നിർമാതാക്കൾക്കും അയച്ച നോട്ടീസിൽ പറയുന്ന ആരോപണം. ചിത്രത്തിൽ നിന്ന് ആരോപണവിധേയമായ രം​ഗങ്ങൾ നീക്കം ചെയ്ത് അണിയറപ്രവർത്തകർ നിരുപാധികമായി മാപ്പ് പറയണമെന്നും നോട്ടീസിൽ പറയുന്നു.

ഒരുവിഭാഗം പ്രേക്ഷകരുടെ വികാരം കണക്കിലെടുത്ത് ചിത്രത്തിന്റെ പേര് മാറ്റിയതായി നായകന്‍ പ്രതീക് ഗാന്ധി പ്രതികരിച്ചു. ഹാര്‍ദിക് ഗജ്ജാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമലീല കലാകാരനായ രാജാറാം ജോഷി എന്ന കഥാപാത്രത്തെയാണ് പ്രതീക് അവതരിപ്പിക്കുന്നത്. രാമലീല കലാകാരന്മാരായ രണ്ടുപേരുടെ കഥ പറയുന്ന ചിത്രം രാവണനെ ചിത്രത്തിൽ മഹത്വവത്കരിക്കുന്നില്ലെന്നും വ്യക്തമാക്കി. 

 അയിന്ത്രിത റോയി, രാജേന്ദ്ര ഗുപ്ത, രാജേഷ് ശര്‍മ, അഭിമന്യു സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തീയേറ്ററുകളിൽ ഒക്ടോബർ 1ന് ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

content highlights : Hurting Hindu sentiments, Raavan Leela changes name to Bhavai