സംവിധായകൻ അനുരാ​ഗ് കശ്യപിനെതിരേയുള്ള ലൈം​ഗികാരോപണത്തിൽ തന്റെ പേര് വലിച്ചിഴച്ചതിനെതിരേ ബോളിവുഡ് നടി ഹുമ ഖുറേഷി. നടി പായൽ ഘോഷാണ് ഒരഭിമുഖത്തിൽ അരുരാ​ഗിനെതിരേ ലൈം​ഗികാരോപണവുമായി രം​ഗത്ത് വന്നത്.

തന്നെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇത് സാരമുള്ള കാര്യമല്ലെന്നും തന്നോടൊപ്പം ജോലി ചെയ്ത ഹുമ ഖുറേഷി, മാഹി ഗിൽ എന്നീ താരങ്ങൾ ഒരു വിളിപ്പുറത്താണുള്ളതെന്നും അനുരാഗ് പറഞ്ഞതായാണ് പായൽ ആരോപിച്ചത്. ഇതിനെതിരേയാണ് ഹുമ രം​ഗത്ത് വന്നത്. തന്നോടൊരിക്കൽ പോലും അനുരാ​ഗ് മോശമായി പെരുമാറിയിട്ടില്ലെന്ന് ഹുമ വ്യക്തമാക്കി.

"അനുരാ​ഗും ഞാനും 2012-13 വർഷങ്ങളിലാണ് ഒന്നിച്ച് ജോലി ചെയ്യുന്നത്. എന്റെ നല്ലൊരു സുഹൃത്താണ്. കഴിവുറ്റ സംവിധായകനാണ്. എന്റെ വ്യക്തിപരമായ അനുഭവം വച്ച് എന്റെ അടുത്തോ മറ്റാരുടെയെങ്കിലും അടുത്തോ അദ്ദേഹം അപമര്യാദയായി പെരുമാറിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ആരോടെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ അവർ അധികാരപ്പെട്ടവരോട് റിപ്പോർട്ട് ചെയ്യണം, പോലീസ്, കോടതി ഒക്കെയുണ്ടല്ലോ.

ഇതിനോട് പ്രതികരിക്കേണ്ടെന്നാണ് ഞാൻ കരുതിയത്. കാരണം ഞാൻ ഈ സോഷ്യൽ മീഡിയ വാക്കേറ്റങ്ങളിലൊന്നും വിശ്വസിക്കുന്ന ആളല്ല. പക്ഷേ ഈ സംഭവത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചതിൽ എനിക്കൊരുപാട് ദേഷ്യമുണ്ട്. എന്റെ കാര്യത്തിൽ മാത്രമല്ല ദേഷ്യം. വർഷങ്ങളായി കഠിനാധ്വാനവും പോരാട്ടവും നടത്തുന്ന ഓരോ സ്ത്രീയും അവരുടെ ജോലിസ്ഥലത്തെ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളിലേക്കും ആരോപണങ്ങളിലേക്കും ചുരുങ്ങുന്നതോർത്താണ് ദേഷ്യം.

ഈ വിവരണത്തിൽ നിന്ന് നമുക്ക് വിട്ടുനിൽക്കാം. മീ ടൂ വിന്റെ പവിത്രത ശ്രദ്ധാപൂർവ്വം സംരക്ഷിക്കേണ്ടത് സ്ത്രീകളുടെയും പുരുഷന്മാരുടെയും സംയുക്തമായ ഉത്തരവാദിത്തമാണ്. ഇതെന്റെ അവസാനത്തെ പ്രതികരണമാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കായി എന്നെ സമീപിക്കരുത്". ഹുമ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു..

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Huma S Qureshi (@iamhumaq) on

നടിമാരായ താപ്സി പന്നു, സയാനി ഖേർ, അനുരാ​ഗിന്റെ മുൻഭാര്യയയും നടിയുമായ കൽകി തുടങ്ങിയവർ നേരത്തെ ഈ വിഷയത്തിൽ സംവിധായകന് പൂർണ പിന്തുണയുമായി രം​ഗത്തെത്തിയിരുന്നു.

content highlights : Huma qureshi On Me Too Allegations against Anurag Kashyap