ഹൃത്വിക്ക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പ്രണയത്തിനും അതിനുശേഷമുള്ള ശത്രുതയ്ക്കും അവസാനമില്ല. ഒരു തട്ടുപൊളിപ്പന്‍ ബോളിവുഡ് മസാല ചിത്രത്തെപ്പോലും കടത്തിവെട്ടുന്നതായിരുന്നു അതിലെ രംഗങ്ങള്‍ ഒരോന്നും. തമ്മില്‍ പിരിഞ്ഞിട്ടും ഇരുവരുടെയും ആരോപണ പ്രത്യാരോപണങ്ങള്‍ ഗോസിപ്പ് കോളങ്ങള്‍ക്ക് എരിവു പകര്‍ന്ന് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ് ഇന്നും.

ഹൃത്വിക്ക് റോഷനുവേണ്ടി മഹേഷ് ജെഠ്മലാനി നല്‍കിയ പരാതിയുടെ കോപ്പികള്‍ പുറത്തുവന്നതാണ് ഏറ്റവും പുതിയ സംഭവം. ഇരുവരുടെയും ബന്ധത്തിന്റെ അറിയാത്ത ഏടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന 29 പേജുള്ള പരാതിയുടെ പകര്‍പ്പ് റിപ്പബ്ലിക് ടി.വിയാണ് പുറത്തുവിട്ടത്. ഇതില്‍ കങ്കണ ഹൃത്വിക്കിനെ നിത്യകാമുകന്‍ എന്നായിരുന്നു വിശേഷിപ്പിച്ചതെന്നും ഹൃത്വിക്കിനുവേണ്ടി യുഗങ്ങള്‍ സഞ്ചരിച്ചുവെന്നും പറയുന്നുണ്ട്. കങ്കണ ഹൃത്വിക്കിനെ ശാരീരക ബന്ധത്തിന് പ്രേരിപ്പിക്കുക വരെ ചെയ്തുവെന്നും ആരോപണമുണ്ട്.

എന്നാല്‍, ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി. ഹൃത്വിക്കിനെ വേട്ടക്കാരനായ അമ്മാവന്‍ എന്നാണ് രംഗോലി ഇതില്‍ പരിഹാസപൂര്‍വം വിശേഷിപ്പിച്ചത്.

നിങ്ങള്‍ക്ക് ഇനി മുഖം രക്ഷിക്കാന്‍ ഇതുപോലെ പഴയ വേട്ടയാടല്‍ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിര്‍വാഹമുള്ളൂ. നിങ്ങള്‍ സിനിമാരംഗത്ത് വരുമ്പോള്‍ കങ്കണ സ്‌കൂളിലായിരുന്നു. സിനിമയിലല്ലായിരുന്നെങ്കില്‍ അവള്‍ നിങ്ങളെ അമ്മാവാ എന്നായിരുന്നു വിളിക്കുക. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനാഢ്യയുമായ ഒരു പെണ്‍കുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങള്‍ അവളുടെ പിറകെയാണ് നടന്നത്. അല്ലാതെ അവള്‍ നിങ്ങളുടെ പിറകെ വരികയായിരുന്നില്ല. പുതിയതായി ഒന്നും പറായാനില്ലാതിരുന്നിട്ടും നിങ്ങള്‍ അവളെ പിറകെ നടന്ന് അപമാനിക്കുകയാണ്. ഇക്കാര്യത്തില്‍ ആരാണ് അപരാധിയെന്ന് എല്ലാവര്‍ക്കും അറിയാം. അവള്‍ ഇതില്‍ നിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക് ദയവു ചെയ്ത് അവളെ മറന്ന് നിങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തില്‍ ശ്രദ്ധിക്കൂ-അഞ്ച് ട്വീറ്റുകളിലായി രംഗോലി പറഞ്ഞു.