ബോളിവുഡ് താരം ഹൃത്വിക് റോഷൻ ഹോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന സ്പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലാണ് ഹൃത്വിക് എത്തുന്നത്. കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. ഓഡിഷനിലൂടെയാണ് ഹൃത്വികിന് ഹോളിവുഡിൽ അവസരം ലഭിക്കുന്നത്.

'സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവർത്തകർ വിശദമായി പറഞ്ഞിരുന്നു. അതിലെ രം​ഗങ്ങൾ ഓഡിഷനുവേണ്ടി അവർക്ക് അയച്ചു നൽകുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്'- ഹൃത്വിക് പറഞ്ഞതായി മിഡ് ഡേ റിപ്പോർ‌ട്ട് ചെയ്യുന്നു. 

ഹൃത്വിക് നായകനായ ക്രിഷ് 4 ന്റെ ചിത്രീകരണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂർത്തിയായതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ വേഷമിടുക.

നേരത്തേയും ഹൃത്വിക് റോഷനെ ഹോളിവുഡ് തേടിയെത്തിയിട്ടുണ്ട്. പിങ്ക് പാന്തര്‍ 2 വില്‍ അഭിനയിക്കാന്‍ ഐശ്വര്യ റായിക്കൊപ്പം ഹൃത്വികിനെയും സംവിധായകന്‍ ഹെറാള്‍സ് സ്വാര്‍ട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥ ഇഷ്ടപ്പെടാത്തതിനാൽ ഹൃത്വിക് ആ അവസരം നിരസിക്കുകയായിരുന്നു.