മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ. തുറന്ന കത്തിലൂടെയാണ് ഹൃത്വിക് ആര്യനുള്ള പിന്തുണ അറിയിച്ചത്.  ഇപ്പോഴത്തെ പ്രതിസന്ധികൾ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാൻ ശ്രമിക്കാനും ഹൃത്വികിന്റെ കത്തിൽ പറയുന്നു. തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തൻറെ കത്ത് എഴുതിയിരിക്കുന്നത്.

ഹൃത്വിക്കിന്റെ കത്തിൽ നിന്ന് 

എൻറെ പ്രിയപ്പെട്ട ആര്യന്, 

ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിനെ മികച്ചതാക്കുന്നത്. അത് നിങ്ങൾക്കെതിരേ കഠിനമായ പന്തുകൾ എറിയും, പക്ഷേ ദൈവം ദയ ഉള്ളവനാണ്. കരുത്തനായവനെതിരെയേ ദൈവം കളിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള പന്തുകൾ എറിയുകയുള്ളൂ. 
ഈ ബഹളങ്ങൾക്കിടെ സ്വയം പിടിച്ചുനിൽക്കാനുള്ള സമ്മർദ്ദം നിനക്കുണ്ടാവും, നീ തിരഞ്ഞെടുക്കപ്പെട്ടവനാണ്... അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാൻ കരുതുന്നു. 

ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകളാണിവ. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകൾ നമ്മളിലെ ദയ, അനുകമ്പ, സ്നേഹം എന്നീ നന്മകളെയും വറ്റിച്ചുകളയാം.

സ്വയം എരിയാൻ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകൾ, പരാജങ്ങൾ, വിജയങ്ങൾ... എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും അനുഭവത്തിൽ നിന്നും മനസിലാക്കിയാൽ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളർച്ചയിൽ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. 

ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു  പുരുഷനായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കൃത്യസമയത്ത് കുത്തുകൾ പൂരിപ്പിക്കുമ്പോൾ നിനക്ക് അർഥം മനസിലാവും.. അത് ഞാൻ നിനക്ക് വാ​ഗ്ദാനം ചെയ്യുന്നു. 

ചെകുത്താൻറെ കണ്ണിൽ നോക്കി, ശാന്തതയോടെ ഇരുന്നാൽ മാത്രം. ശാന്തമായിരിക്കുക, നിരീക്ഷിക്കുക. 

ഈ നിമിഷങ്ങളൊക്കെയാണ് നിൻറെ നാളെയെ നിർവ്വചിക്കുക. ആ നാളെ പ്രകാശത്തിൻറേതാണ്. പക്ഷേ അവിടെയെത്താൻ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ശാന്തമായി, ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്. 

നിന്നെ ഞാൻ സ്നേ​ഹിക്കുന്നു...

Content Highlights : Hrithik Roshan Supports Aryan Khan writes a Note To him