ബോളിവുഡില്‍ വളരെ കാലമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് ഹൃത്വിക്‌ റോഷന്‍-കങ്കണ റണാവത്ത് തര്‍ക്കം. ഹൃത്വികിനെതിരേ കങ്കണ രംഗത്ത് വന്നപ്പോഴും ആരോപണങ്ങളും ഉന്നയിച്ചപ്പോഴും അദ്ദേഹം തുടക്കത്തില്‍ പ്രതികരിച്ചിരുന്നില്ല. അഭിമുഖങ്ങളിലൂടെ കങ്കണ തുടര്‍ച്ചയായി തന്റെ പേര് വലിച്ചിഴച്ചപ്പോള്‍ ഒടുവില്‍ ഒരു തവണ മാത്രം ഹൃത്വിക് പ്രതികരിച്ചു.

ഇപ്പോള്‍ കങ്കണയുടെ പേര് ഉള്‍പ്പെടുത്തിക്കൊണ്ട് ഹൃത്വിക്കിന്റെ സഹോദരി സുനൈന റോഷന്‍ പങ്കുവെയ്ക്കുന്ന ഒരു ട്വീറ്റാണ് ചര്‍ച്ചാവിഷയമാകുന്നത്. താന്‍ കങ്കണയെ പിന്തുണയ്ക്കുന്നുവെന്നാണ് സുനൈന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരിക്കുന്നത്. നരകത്തിനുള്ളിലെ ജീവിതം തുടരുന്നുവെന്നും ആകെ മടുത്തുവെന്നും തൊട്ടുമുമ്പത്തെ ദിവസം സുനൈന ട്വീറ്റ് ചെയ്തിരുന്നു. ഈ രണ്ടു ട്വീറ്റുകളും കൊണ്ട് സുനൈന ഉദ്ദേശിച്ചിരിക്കുന്നതെന്താണെന്ന് വ്യക്തമല്ലെങ്കിലും ഹൃത്വിക്‌-കങ്കണ വിഷയത്തില്‍ തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് അവര്‍ എന്നാണ് കങ്കണയുടെ ആരാധകര്‍ അവകാശപ്പെടുന്നത്. സ്വന്തം കുടുംബവുമായി അകല്‍ച്ചയിലാണെന്നും സുനൈനയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ സുനൈന കുടുംബത്തിനെതിരേയും രംഗത്ത് വന്നിരുന്നു. ഒരു വിനോദ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ചാണ് സുനൈന സംസാരിച്ചത്. 

'ഞാന്‍ ആശുപത്രിയില്‍ ചികിത്സയിലല്ല. എനിക്ക് ബൈപോളാര്‍ ഡിസോഡറുമില്ല. ഞാന്‍ മരുന്ന് കഴിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്പൂരിലായിരുന്നു. അച്ഛന്റെ (രാകേഷ് റോഷന്‍) വീട്ടില്‍ എത്തിയപ്പോഴാണ് വിവരങ്ങള്‍ ഞാന്‍ അറിയുന്നത്. 

sunaina

മദ്യപാനത്തില്‍നിന്ന് മുക്തി നേടാന്‍ ഞാന്‍ നേരത്തേ ചികിത്സ നടത്തിയിട്ടുണ്ട്. ലണ്ടനിലായിരുന്നു ഞാന്‍. അതെല്ലാം ശരിയായി. അപ്പോഴാണ് അച്ഛന് തൊണ്ടയില്‍ അര്‍ബുദമാണെന്ന് ഞാന്‍ അറിയുന്നത്. ആ സമയം മുഴുവന്‍ അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുകയായിരുന്നു.' 

മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്നത് നരകതുല്യമായിരുന്നുവെന്ന് പറഞ്ഞ സുനൈന വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് പറഞ്ഞു. 

'കുറച്ച് പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും എനിക്ക് തുറന്ന് പറയാനാകില്ല. അതെക്കുറിച്ചൊന്നും ചോദിക്കരുത്. കാരണം എന്റെ കുടുംബത്തെ ഈ പ്രശ്നങ്ങളൊന്നും ബാധിക്കരുത് എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോട്ടല്‍ മുറി വാടകയ്‌ക്കെടുത്താണ്‌ കഴിയുന്നത്. മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കുമ്പോള്‍ ഞാന്‍ ഒരു നിലയില്‍ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. ഈ വാര്‍ത്തകള്‍ വന്നിട്ടു പോലും ആരും ആരും തിരിഞ്ഞു നോക്കിയില്ല. അവര്‍ എന്നെ പിന്തുണയ്ക്കാത്തത് വളരെ ദുഃഖകരമായ സംഗതിയാണ്'- സുനൈന പറയുന്നു.

അതേ സമയം സുനൈന കങ്കണയുമായി ബന്ധപ്പെട്ടുവെന്നും മാപ്പ് തരണമെന്ന് കേണപേക്ഷിച്ചുവെന്നും കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വീറ്റ് ചെയ്തിരുന്നു. കങ്കണയും ഹൃത്വിക്കും തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് ഹൃത്വിക് തന്റെ പി.ആര്‍ ടീമിനെ ഉപയോഗിച്ച് സുനൈനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നുവെന്ന് രംഗോലി കൂട്ടിച്ചേര്‍ത്തു. രംഗോലിയുടെ ട്വീറ്റുകള്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സുനൈന സന്ദേശങ്ങള്‍ അയച്ചുവെങ്കില്‍ അത് സ്‌ക്രീന്‍ ഷോട്ട് സഹിതം പുറത്ത് വിടാന്‍ പലരും ആവശ്യപ്പെട്ടിരുന്നു. 

sunaina