ബോളിവുഡ് സൂപ്പര്‍ ഹീറോ സീരിസിലൊന്നായ കൃഷിന്റെ നാലാം ഭാഗമാണ് ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമകളിലൊന്ന്. 'കൃഷി'ന്റെ സംവിധായകനും ഹൃത്വിക്കിന്റെ അച്ഛനുമായ രാകേഷ് റോഷന്‍ ഈയടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ് 4-നെക്കുറിച്ച് സംസാരിച്ചത്.

ലോക്ക്ഡൗണ്‍ സമയം സിനിമയുടെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് രാകേഷ് റോഷന്‍. എന്നാല്‍ പലര്‍ക്കും അറിയേണ്ടത് ആദ്യ ഭാഗത്തിലെ കഥാപാത്രമായ അന്യഗ്രഹ ജീവി ജാദു നാലാം ഭാഗത്തിലുമുണ്ടോ എന്നതാണ്. ഉണ്ടെന്ന സൂചനയാണ് ഹൃത്വിക്ക് ഇപ്പോള്‍ നല്‍കുന്നത്.

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയെന്നോണം ട്വിറ്ററില്‍ ജാദുവിന്റെ ഒരു ജിഫ് പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക്ക്. സിനിമയെക്കുറിച്ച് മറ്റൊന്നും പറയുന്നില്ലെങ്കിലും ജാദു വരാന്‍ സമയമായി എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബെംഗളൂരുവില്‍ ചിലയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ അന്യഗ്രഹ ജീവികളുടെ വരവായിട്ടാണ് ഒരു ആരാധകന്‍ ട്വീറ്റില്‍ പറയുന്നത്. 

'ഹൃത്വിക്ക്, നിങ്ങളാണോ അറിയാതെ അന്യഗ്രഹ ജീവികളെ വീണ്ടും വിളിച്ചത്?' എന്നാണ് ആരാധകന്റെ ട്വീറ്റ്. ഇതിനൊപ്പം ഭൂചലനം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. 'അറിയാതെയല്ല, അതിന് സമയമായി', എന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. ഇതിനര്‍ഥം കൃഷ് 4-ല്‍ ജാദുവുണ്ടെന്നാണോ, ചിത്രീകരണം എന്ന് തുടങ്ങും, ആരാണ് പുതിയ നായിക എന്നിങ്ങനെ പോകുന്നു ട്വീറ്റിന് കമന്റുകള്‍.

Content Highlights: Hrithik Roshan puts thread for thought to fans on return of Jaadu in Krrish sequel