അന്തരിച്ച ബോളിവുഡ് നടൻ ഋഷി കപൂർ തനിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് നടൻ ഹൃത്വിക് റോഷൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ചിന്റു അങ്കിള്‍ എന്ന് വിളിക്കുന്ന ഋഷി കപൂര്‍ തന്റെ ജീവിതത്തില്‍ എങ്ങനെയൊക്കെയായിരുന്നു ഇടപെട്ടിരുന്നത് എന്ന് പറയുകയാണ് ഹൃത്വിക് റോഷൻ

ഹൃത്വിക് റോഷന്റെ ഫെയ്​സ്ബുക്ക് പോസ്റ്റ്

നിങ്ങളുടെ സ്‍നേഹത്തിന് വളരെയധികം ഊർജമുണ്ടായിരുന്നു. അതിനാൽ തന്നെ ഓരോ തവണ വിളിക്കുമ്പോഴും ഞാൻ എഴുന്നേറ്റ്  നില്‍ക്കുകയായിരുന്നു. നിങ്ങള്‍ എന്നോട് സംസാരിക്കുമ്പോള്‍ ഈ ജീവിതത്തില്‍ എപ്പോഴെങ്കിലും ഇരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ചിന്റു അങ്കില്‍ നിന്റെ സിനിമ കണ്ടു, അവൻ നിന്നെ വിളിക്കുന്നുവെന്ന് അച്ഛൻ പറയുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടും. മുറിയില്‍ ചുറ്റിനടക്കും. സ്നേഹത്തിന്റെയും ശാസനയുടെയും പ്രളയത്തിന് എന്നെത്തന്നെ ഒരുക്കും. ഇത് രണ്ടും അങ്ങയുടെ പെരുമാറ്റത്തിൽ കൂടിക്കലർന്നിരിക്കും ഏത് ഏതാണെന്ന് തിരിച്ചറിയാനാവാത്ത വിധം.

എന്റെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങളില്‍ നിങ്ങള്‍ എനിക്ക് കരുത്ത് പകര്‍ന്നു. എന്റെ അഭിനയം ഋഷി കപൂര്‍ ഇഷ്‍ടപ്പെട്ടുവെന്ന് പറയുന്നത് എനിക്ക് അമ്പരപ്പായിരുന്നു. അത് എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ പ്രേരണയായി. ഓരോ തവണ വിളിക്കുമ്പോഴും ഫോണ്‍ എടുക്കാനും കേള്‍ക്കാനും തയ്യാറായതിന് നന്ദി. തെറ്റുകള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയതിന് നന്ദി. സ്ഥിരമായ പ്രോത്സാഹനത്തിനും പിന്തുണയ്‍ക്കും നന്ദി ചിന്റു അങ്കിള്‍. നിങ്ങളെപ്പോലെ ഒരു നടനോ മനുഷ്യനോ ഉണ്ടാകില്ല. കഠിനാദ്ധ്വാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എന്റെ ചെവികളില്‍ അക്ഷരാര്‍ഥത്തില്‍ വിളിച്ചുപറഞ്ഞതിന് നന്ദി. വളരെ നിഷ്‍കളങ്കമായി സത്യസന്ധത പുലര്‍ത്തുന്നതിനാല്‍ നിങ്ങള്‍ പറഞ്ഞ ഓരോ വാക്കും ഞാൻ വിശ്വസിക്കാൻ തയ്യാറായി.. ഞാാനും ഈ ലോകവും താങ്കള്‍ പ്രചോദിപ്പിച്ചതും അടുത്തിടപഴകിയതുമായ എല്ലാവരും താങ്കളെ മിസ് ചെയ്യും. ഒരുപാടൊരുപാട്....

hrithik

ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഋഷി കപൂറിനെ മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. മുംബൈ മറൈൻ ലൈൻസിലുള്ള ചന്ദൻവാഡി ക്രിമറ്റോറിയത്തിലാണ് ഋഷി കപൂറിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്.

Content Highlights : Hrithik Roshan Pens Emotional Note On Rishi Kapoor death Bollywood