ബോളിവുഡിന്റെ യവന സുന്ദരന്‍, ഹോട്ട്സ്റ്റാര്‍, കിങ്ങ് ഓഫ് ഡാന്‍സ് തുടങ്ങിയ വിശേഷണങ്ങളുള്ള താരമാണ് ഹൃത്വിക് റോഷന്‍. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് ഹൃത്വികിന്റെ ആരാധകന്‍. 2000-ല്‍ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹെ എന്ന ചിത്രത്തിലൂടെയാണ് ഹൃത്വിക് നായകനായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനയ രംഗത്ത് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഹൃത്വിക്. എന്നാല്‍ പ്രായം കൂടും തോറും ഹൃത്വികിന്റെ സൗന്ദര്യം വര്‍ധിക്കുകയാണെന്നാണ് ആരാധപക്ഷം.

ഇപ്പോള്‍ ഹൃത്വിക് റോഷന്റെ പുതിയ മേക്കോവര്‍ വീഡിയോ വൈറലായിരിക്കുകയാണ്. സൂപ്പര്‍ 30 എന്ന ചിത്രത്തിന് വേണ്ടി ഹൃത്വിക് ശരീരഭാരം വര്‍ധിപ്പിച്ചിരുന്നു. ഗണിതശാസ്ത്രഞ്ജന്‍ ആനന്ദകുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സൂപ്പര്‍ 30. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണ് ഹൃത്വിക് ഭാരം കൂട്ടിയത്. പിന്നീട് ഹൃത്വികിന് വേഷമിടേണ്ടിയിരുന്നത് ആക്ഷന്‍ ത്രില്ലറായ വാറിലായിരുന്നു. അതിനായി ശരീരഭാരം കുറച്ച സിക്‌സ് പാക്ക് ആവേണ്ടത് ആവശ്യമായിരുന്നു. 

ആനന്ദകുമാറില്‍ നിന്ന് കബീറിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒരു വലിയ യുദ്ധമായിരുന്നു ഞാന്‍ നടത്തിയത്- ഹൃത്വിക് പറയുന്നു. 

വാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹൃത്വികിന് പരിക്കും പറ്റിയിരുന്നു. അതു വലിയ വെല്ലുവിളിയായിരുന്നു. പരിക്കിന്റെ വേദനയെ അവഗണിച്ചാണ് ഹൃത്വിക് വ്യായാമം ചെയ്തത്.

കാബില്‍ എന്ന ചിത്രത്തിന് ശേഷം ഒരു വലിയ ഇടവേളയെടുത്ത ഹൃത്വിക് സൂപ്പര്‍ 30 യിലൂടെ മികച്ച തിരിച്ചുവരവാണ് നടത്തിയത്. ചിത്രം വലിയ വിജയമാകുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ടൈഗര്‍ ഷ്‌റോഫിനൊപ്പം ഹൃത്വിക് വേഷമിട്ട വാര്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. 

Content Highlights: Hrithik Roshan Make over video, fat tummy to flat tummy, Super 30, war, movie, fitness