ഹൃത്വിക് റോഷനൊപ്പമുള്ള തന്റെ പഴയ ചിത്രം പങ്കുവച്ച് ഹൃത്വികിനെ പരിഹസിച്ച സംഭവത്തിൽ കങ്കണ റണാവത്തിന്റെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജരുമായ രംഗോലി ചന്ദേലിനെതിരെ വിമർശം. കഴിഞ്ഞ ദിവസമാണ്  ഹൃത്വികിനെ പരിഹസിക്കുക എന്ന ഉദ്ദേശത്തോടെ രംഗോലി ചിത്രം പങ്കുവച്ചത്. 

'നോക്കൂ ഈ പപ്പൂ ജിയെ, എന്റെ സഹോദരിയെ പാട്ടിലാക്കാനായി എന്റെ മുന്നിൽ  എപ്പോഴും നല്ല പിള്ള ചമ‍ഞ്ഞു  കൊണ്ടിരിക്കുകയായിരുന്നു'.  എന്നായിരുന്നു ചിത്രത്തോടൊപ്പം രംഗോലി കുറിച്ചത്. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുയാണ് സോഷ്യല്‍ മീഡിയ.

വാര്‍ത്തകളിലിടം പിടിക്കാനായി കങ്കണയുടെ സഹോദരി ഹൃത്വികിനെ ഉപയോഗിക്കുകയാണെന്ന് വിമര്‍ശകര്‍ പറയുന്നു. ചിലര്‍ പരിണീതി ചോപ്ര, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം ഹൃത്വിക് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ഹാസ്യത്മകമായി ഇങ്ങനെ കുറിച്ചു. ''നോക്കൂ, പരിണീതിയ്‌ക്കൊപ്പം ഹൃത്വിക് ചിത്രമെടുത്തത് പ്രിയങ്കയെ ആകര്‍ഷിക്കാനാണ്, കത്രീനയ്‌ക്കൊപ്പം ചിത്രമെടുക്കുന്നത് ഇസബെല്ലയെ ആകര്‍ഷിക്കാനും''. 

കങ്കണ-ഹൃത്വിക് പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നായിരുന്നു കങ്കണയുടെ ആരോപണം. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തന്റെ പേരുപയോഗിച്ച് കങ്കണയെ ആരെങ്കിലും കബളിപ്പിച്ചുവെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൃത്വികും പോലീസിനെ സമീപിച്ചു. ഹൃത്വിക് അയച്ച സന്ദേശങ്ങളടങ്ങിയ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും പോലീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും കങ്കണ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഹൃത്വികിനെതിരേ തെളിവ് ലഭിക്കാത്തതിനാല്‍ പോലീസ് കേസ് അവസാനിപ്പിച്ചു. പിന്നീട് കങ്കണ പല പൊതു വേദികളിലും അഭിമുഖങ്ങളിലും ഹൃത്വികിനെതിരേ രംഗത്ത് വന്നു. 

കങ്കണയുടെ സഹോദരി രംഗോലി ഹൃത്വികിനെതിരേ ഒരു ചിത്രവുമായി രംഗത്ത് വന്നിരുന്നു. ഹൃത്വികും കങ്കണയും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. കങ്കണയുമായി തനിക്ക് പ്രണയമില്ലായിരുന്നുവെന്ന് വെളിപ്പെടുത്തി ഹൃത്വിക് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആ ചിത്രം പുറത്ത് വിട്ടത്. എന്നാല്‍ ആ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് പറഞ്ഞ് ഹൃത്വികിന്റെ വക്താവ് രംഗത്ത് വന്നു. ഒരു പാര്‍ട്ടിയില്‍ എടുത്ത ചിത്രമായിരുന്നു അത്. ഹൃത്വികിന്റെ മുന്‍ഭാര്യ സൂസാനെയടക്കം ഒരുപാട് ആളുകള്‍ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ചിത്രത്തില്‍ നിന്ന് മറ്റുള്ളവരെ ഒഴിവാക്കി ഹൃത്വികിന് തൊട്ടടുത്ത് നിന്നയാളുടെ കൈ ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചു കളഞ്ഞായിരുന്നു കങ്കണ ചിത്രം പ്രസിദ്ധീകരിച്ചത്.  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഹൃത്വിക് കൂടുതല്‍ ചിത്രങ്ങളുമായി രംഗത്ത് വന്നിരുന്നു.

Content Highlights: Hrithik kangana dispute, social media slams Sister Rangoli chandel for attacking actor, for ''Pappu'' remark