പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റിയിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. ഒമിക്രോണ്‍ ഭീഷണിയില്‍ ലോക് ഡൗണ്‍, ഞായറാഴ്ച കര്‍ഫ്യൂ, രാത്രികാല കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ ചിത്രം ജനുവരി 21ന് തന്നെ എത്തുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 

പ്രണവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണിത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സിതാര സുരേഷ്, കോ-പ്രൊഡ്യൂസര്‍ -നോബിള്‍ ബാബു തോമസ്, എഡിറ്റര്‍ - രഞ്ജന്‍ എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനര്‍- അശ്വിനി കാലെ, കോസ്റ്റ്യൂം ഡിസൈനര്‍ - ദിവ്യ ജോര്‍ജ്, വിതരണം -മെറിലാന്റ് സിനിമാസ്. പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്.

Content Highlights: Hridayam movie will release on January 21, Pranav Mohanlal, Vineeth Sreenivasan, Darshana, Kalyani Priyadarshan