പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് നിര്‍മാതാവ്. മെറിലാന്‍ഡ് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

ഹൃദയം ഒരു മികച്ച തിയേറ്റര്‍ അനുഭവമായിരിക്കുമെന്നും പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നും വിശാഖ് സുബ്രഹ്മണ്യന്‍ പറയുന്നു. ചിത്രത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു അദ്ദേഹം ഇത് സംബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഹൃദയം എന്റെ സ്വപ്‌നപദ്ധതിയാണ്. രണ്ടുവര്‍ഷത്തോളം മനസ്സില്‍ ഈ സിനിമ മാത്രമായിരുന്നു.  രണ്ട് വര്‍ഷം മുന്‍പാണ് വിനീത് തിരക്കഥ പറയുന്നത്. അപ്പു (പ്രണവ്) അത് ചെയ്യാമെന്ന് ഏറ്റതോടെ സ്വപ്‌നം സഫലമായി. കോവിഡ് ഒഴിയുന്ന അവസരത്തില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തിക്കാമെന്ന് പ്രതീക്ഷിക്കുന്നു- വിശാഖ് കുറിച്ചു.
 
പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍.

അജു വര്‍ഗ്ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ്.

Content Highlights: Hridayam Movie, Pranav Mohanlal, vishakh subramaniam, merryland studio