അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം കാണാനെത്തിയവർ
തിരുവനന്തപുരം: സംയുക്തസേനാ മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തെ തുടർന്ന് ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കിയെങ്കിലും അന്താരാഷ്ട്ര ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം പ്രേക്ഷക സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത പലസ്തീനിയൻ സംവിധായിക മായ് മസ്രിയുടെ 'ബെയ്റൂട്ട് ദ ഐ ഓഫ് ദ സ്റ്റോം' നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.
സമകാലിക ബെയ്റൂട്ടിന്റെ അവസ്ഥ നാല് യുവതികളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന ഡോക്യുമെന്ററിയാണ് 'ബെയ്റൂട്ട് ദ ഐ ഓഫ് ദ സ്റ്റോം'. 2019ലെ കലാപത്തിൽ തുടങ്ങി കോവിഡ് ലോക്ക്ഡൗണിലൂടെ സഞ്ചരിച്ച് ബെയ്റൂട്ട് സ്ഫോടനം വരെയെത്തുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു അരക്ഷിത സമൂഹത്തിന്റെ നേർക്കാഴ്ചയാണ് പകർന്നു നൽകുന്നത്. നവംബറിൽ റിലീസായ ഡോക്യുമെന്ററിയുടെ രണ്ടാമത്തെ ആഗോള പ്രദർശനമാണ് ഐഡിഎസ്എഫ്എഫ്കെയിൽ നടന്നത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർ പേഴ്സൺ ബീനാ പോൾ തുടങ്ങിയവർ ഉദ്ഘാടന ചിത്രം കാണാൻ എത്തിയിരുന്നു. ഉദ്ഘാടന ചിത്രത്തിന് മുന്നോടിയായി സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനും വീരമൃത്യു വരിച്ച മറ്റു സൈനികർക്കും ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ബീനാ പോൾ സംസാരിച്ചു. തിയറ്റുകളിൽ മേള എത്തിക്കാനായതിൽ സന്തോഷമുണ്ടെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും ഡെലിഗേറ്റുകളെ അബിസംബോധന ചെയ്യവേ അവർ പറഞ്ഞു.
19 വിഭാഗങ്ങളിലായി 220 സിനിമകളും വീഡിയോകളും ഉൾപ്പെടുന്ന മേളയിലെ ആദ്യ ദിനത്തിൽ 33 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മഹാമാരിയുടെ കാലത്ത് ജോലി നഷ്ട്ടപ്പെട്ട ഡോക്റ്ററുടെ ജീവിതം പ്രമേയമാക്കിയ സ്പാനിഷ് ചിത്രം ദി ബട്ടൻ മേളയുടെ ആദ്യ ദിനത്തിൽ പ്രേക്ഷകപ്രീതി നേടി. അഡോൾഫ് പെനെ സംവിധാനം ചെയ്ത ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. അന്താരാഷ്ട്ര വിഭാഗത്തിലെ ഡേ ഈസ് ഗോൺ, ദി ക്രിമിനൽസ്, ക്യാംപസ് മത്സരവിഭാഗത്തിൽ ഉൾപ്പെട്ട ആര്യൻ എന്നീ ചിത്രങ്ങളും ആദ്യ ദിനത്തിൽ ശ്രദ്ധ നേടി. രണ്ടാം ദിനമായ നാളെ 64 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
Content highlights: housefull audience on the screening of inaugural movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..