കൊച്ചി: രണ്ട് വൃക്കകളും തകരാറിലായ ഞാറക്കല്‍ സ്വദേശി കെ.എസ്. വിനീതിനായി (28 ) പൊന്നൂസ് ചാരിറ്റബിള്‍ ട്രസ്റ്റും യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മയും ചേര്‍ന്ന്  കാരുണ്യ യാത്ര നടത്തി. ഭാര്യയും ഒന്നര വയസുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് വിനീത്. രണ്ടു വൃക്കകളും തകരാറിലായ വിനീതിന് അമ്മയാണ് വൃക്ക ദാനം ചെയ്യുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. ഈ തുക കണ്ടെത്തുന്നതിനാണ്  കാരുണ്യ യാത്ര നടത്തിയതെന്ന് കോ-ഓര്‍ഡിനേറ്റര്‍മാരായ ടിറ്റോ ആന്റണി, സേതുരാജ് എന്നിവര്‍ പറഞ്ഞു. 'ഏകദന്തന്‍' ബസിന്റെ ഉടമ സജിത്ത് പി.എസ്, തൊഴിലാളികളായ കണ്ണന്‍ എന്‍.ആര്‍,ഉദയലാല്‍ സി.റ്റി,സുധീഷ് എഎസ്.സൗജന്യമായാണ് ബസ് നല്‍കിയത്.
 
നടി ഹണി റോസ്, പി.ടി തോമസ് എം.എല്‍.എ, 'ചങ്ക്‌സ്' സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു എന്നിവര്‍ ആദ്യ ടിക്കറ്റ് എടുത്ത് ഹൈകോര്‍ട്ട് മുതല്‍ വല്ലാര്‍പാടം വരെ മറ്റു യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.