സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ സമൂഹത്തില്‍ തുടര്‍ക്കഥയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു കൊണ്ട് സിനിമാ മേഖലയില്‍ നിന്നും നിരവധി നടിമാര്‍ രംഗത്ത് വന്നിരുന്നു. പ്രശസ്ത ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെയുള്ള ലൈംഗികാരോപണങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഏതൊരു പീഡന കഥയ്ക്ക് പുറകിലും പുരുഷന്‍ കുറ്റാരോപിതനാകുമ്പോള്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടാന്‍ കാരണം സ്ത്രീകള്‍ തന്നെയാണെന്ന  വിമര്‍ശനാത്മക നിലപാടുമായി രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് താരം കെല്ലി ബ്രൂക്ക്.
 
സ്ത്രീകള്‍ രാത്രിയില്‍ പുറത്ത് പോകുന്നതും ബോധം മറയുവോളം മദ്യപിക്കുന്നതുമാണ് അമേരിക്കയില്‍ യുവതികള്‍ ബാലസംഘത്തിനിരയാകുന്നതിന്റെ പ്രധാന കാരണമെന്നായിരുന്നു കെല്ലിയുടെ വിലയിരുത്തല്‍.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ക്രൂരമായി ബലാത്സംഗ ചെയ്ത കേസില്‍ എട്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപെട്ട ജോണ്‍ വോര്‍ബോയ് എന്ന ടാക്‌സിക്കാരന്‍ ശിക്ഷാ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ പുറത്ത് വന്നതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനല്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു കെല്ലിയുടെ വിവാദ പരാമര്‍ശം. 2009ലായിരുന്നു ജോണ്‍ വോര്‍ബോയ് ശിക്ഷിക്കപ്പെട്ടത്. വിരലിലെണ്ണാവുന്ന കുറ്റങ്ങള്‍ മാത്രമേ ജോണിനെതിരെ പോലീസിന് തെളിയിക്കാന്‍ സാധിച്ചുള്ളൂ എങ്കില്‍ പോലും നിരവധി ഇരകളാണ് ജോണിന്  എതിരെ ബലാത്സംഗ ചെയ്യപ്പെട്ടു എന്ന ആരോപണവുമായി രംഗത്ത് വന്നത്.

'സ്ത്രീകള്‍ പുറത്ത് പോയി മദ്യപിക്കുന്നുണ്ടെങ്കില്‍ ബോധം മറയുന്നത് വരെ ഒരിക്കലും കുടിക്കാന്‍ പാടില്ലെന്നും അഥവാ അങ്ങനെ സംഭവിച്ചാല്‍ വീട്ടുകാരെ വിളിച്ചറിയിച്ച് നിങ്ങളെ കൂട്ടികൊണ്ടു പോകാന്‍ ആവശ്യപ്പെടണമെന്നും  കെല്ലി പറഞ്ഞു. ബോധം മറയുന്ന വരെ കുടിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. നിങ്ങളുടെ സുരക്ഷ അതോടെ ഇല്ലാതാവുകയാണ്. എനിക്ക് തോന്നുന്നു നിരവധി പെണ്‍കുട്ടികള്‍ ആ സാഹചര്യത്തിലൂടെ കടന്നു പോയിട്ടുണ്ട്, നിങ്ങള്‍ അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ ചെന്ന് പെടുകയാണെങ്കില്‍  അടുത്തറിയാവുന്ന ആരെയെങ്കിലും സഹായത്തിന് വിളിക്കണം. കാറിലോ ട്രെയിനിലോ മദ്യപിച്ച് ലക്കുകെട്ട് യാത്ര ചെയ്യാന്‍ ശ്രമിക്കരുത് അതില്‍ അപകട സാധ്യത ഏറെയാണ്. നടന്ന് പോയാലുമുള്ള അവസ്ഥയും ഇത് തന്നെ. ഞാന്‍ ഒരിക്കലും അമിതമായി മദ്യപിക്കാറിക്കല്ല അന്യരെ വിശ്വസിക്കാറും ഇല്ല.

മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഒരു ആക്രമണത്തെ ചെറുക്കാനുള്ള ബോധം നിങ്ങള്‍ക്കുണ്ടാകില്ല. രാത്രി സമയമാണ്, മദ്യം അകത്തുണ്ട്. നിങ്ങളെ പീഡിപ്പിക്കണം എന്ന് കരുതുന്നവര്‍ക്ക് നിങ്ങള്‍ തന്നെ ഇരയായി നിന്ന് കൊടുക്കുകയാണ്. അതിപ്പോള്‍ ടാക്‌സി ഡ്രൈവര്‍ ആയാലും ശരി ഞാന്‍ അവരെ കുറ്റം പറയില്ല. കാരണം കുറ്റം നിങ്ങളുടെ ഭാഗത്താണ്' കെല്ലി പറഞ്ഞു.

എന്ത് തന്നെയായാലും കെല്ലിയുടെ ഈ അഭിപ്രായം വലിയ വിമര്‍ശനങ്ങള്‍ക്ക്  വഴി വച്ചിരിക്കുകയാണ്. നിരവധി പേരാണ് താരം പറഞ്ഞത് മോശമായിപോയെന്നും സ്ത്രീകള്‍ തന്നെ സ്ത്രീകളോട് ഇത്തരത്തില്‍ ചെയ്യുന്നത് പരിതാപകമാണെന്നുമുള്ള ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. 

Content Highlights: Kelly Brook