മീ ടൂ ആരോപണത്തെത്തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റെയിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയുടെ ഭാഗമായി ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്‍സ്‌റ്റെയിന്‍ കഴിയുന്നത്. മാര്‍ച്ച് 11നാണ് വെയ്ന്‍സ്‌റ്റെയ്ന്‍ അറസ്റ്റിലായത്.

ആദ്യ റിപ്പോര്‍ട്ട് ഞായറാഴ്ച വൈകിട്ടോടെയാണ് പുറത്തു വന്നതെന്ന് നയാഗ്ര ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതു സംബന്ധിച്ച് വെയ്ന്‍സ്‌റ്റെയിന്റെ അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് വെയ്ന്‍സ്റ്റെയ്ന്‍ ഇപ്പോള്‍. ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്‌ന്റേത്. നടിമാരായ ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12ല്‍ അധികം സ്ത്രീകളാണ് വെയ്ന്‍സ്റ്റെന്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാരോപിച്ച് രംഗത്ത് വന്നത്.

Content Highlights : hollywood producer harvey weinstein tests corona positive, harvey weinstein corona virus, in jail me too allegations